ADVERTISEMENT

നെടുമ്പാശേരി ∙ വിദേശത്തു നിന്ന് അനധികൃതമായി സ്വർണം കടത്തിക്കൊണ്ടു വരുന്നവരെ ഭീഷണിപ്പെടുത്തി സ്വർണം കവരുന്ന സംഘം പൊലീസ് പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശികളായ തില്ലങ്കേരി കാവുംപടി ഷാന മൻസിലിൽ ഷഹീദ് (24), നിബ മൻസിലിൽ അനീസ് (34), തില്ലങ്കേരി കുണ്ടെരിഞ്ഞാൻ സുജി (33), പഴയപുരയിൽ രജിൽ രാജ് (30), മുഴക്കുന്ന് പാലപ്പുഴ കുറുക്കൻപറമ്പിൽ ശ്രീകാന്ത് (32), ഉളിയിൽ തറക്കണ്ടി വീട്ടിൽ സവാദ് (23), തലശ്ശേരി മങ്ങാട്ടിടം നിർമലഗിരി ധ്വനിയിൽ സ്വരലാൽ (36) എന്നിവരാണു നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം ദുബായിൽ നിന്നു സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്നയാളെ ഭീഷണിപ്പെടുത്തി വിമാനത്താവളത്തിൽ നിന്നു തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന കേസിന്റെ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.  എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ഗുരുവായൂർ സ്വദേശി നിയാസിനെയാണു സംഘം തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നത്. കാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച മുക്കാൽ കിലോഗ്രാമോളം സ്വർണമാണു തട്ടിയെടുത്തത്. 

തുടർന്ന് ആലുവയിൽ നിയാസിനെ ഉപേക്ഷിച്ചു സംഘം കടന്നു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണു തട്ടിക്കൊണ്ടു പോകൽ റിപ്പോർട്ട് ചെയ്തത്.വിദേശത്തു നിന്നു സ്വർണം കടത്തിക്കൊണ്ടു വരുന്നവരെ തട്ടിക്കൊണ്ടു പോയി സ്ഥിരമായി സ്വർണം കവരുന്ന പ്രഫഷനൽ സംഘമാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു. 

കണ്ണൂർ ജില്ലയിൽ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളാണു പിടിയിലായവർ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച 2 കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിവൈഎസ്പി എ. പ്രസാദ്, ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐമാരായ എൽദോ പോൾ, എസ്. രാജേഷ്കുമാർ, എഎസ്ഐ എം.സി. പ്രസാദ്, സിപിഒമാരായ റോണി അഗസ്റ്റിൻ, സജീവ് ചന്ദ്രൻ, അരുൺ രവികുമാർ, ശ്രീജു രാജൻ, ജെസിൻ ജോയി എന്നിവരാണു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com