ADVERTISEMENT

കാക്കനാട്∙ കലക്ടറേറ്റ് മജിസ്റ്റീരിയൽ, അക്കൗണ്ട്സ് വിഭാഗത്തോടു ചേർന്ന് ഇന്നലെ ഉച്ചയ്ക്കുണ്ടായ തീ പരിഭ്രാന്തി പരത്തി.  തീയും പുകയും ഉയർന്ന ഉടനെ സമീപത്തുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് അണച്ചതിനാൽ പരിസര സെക്‌ഷനുകളിലേക്ക് തീ വ്യാപിച്ചില്ല. 12.30നായിരുന്നു സംഭവം. ഇലക്ട്രിക് വയറിങ്ങിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. ആദ്യം ചെറുതായി പുകയാണ് ഉയർന്നത്. ജീവനക്കാർ ഇരിപ്പിടങ്ങളിൽ നിന്ന് ഓടിമാറി.

പിന്നീട് തീ ആളി. ക്ലറിക്കൽ വിഭാഗങ്ങൾ വേർതിരിക്കുന്ന ഇന്റീരിയർ പാനലുകൾക്കിടയിലൂടെ വലിച്ചിരുന്ന ഇലക്ട്രിക് വയറിൽ നിന്നാണ് തീയും പുകയും ഉയർന്നതെന്നാണ് നിഗമനം. പവർ പ്ലഗുകളിലേക്കുൾപ്പെടെയുള്ള ഇലക്ട്രിക്കൽ വയറുകളാണ് പാനലുകൾക്കടിയിലൂടെ വലിച്ചിട്ടുള്ളത്. വയറുകളുടെ ചില ഭാഗങ്ങളിൽ ഇൻസുലേഷൻ കവറേജ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി.

മജിസ്റ്റീരിയൽ സെക്‌ഷനിൽ തോക്ക് ലൈസൻസിനായി എത്തിയ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിലെ സെക്യൂരിറ്റി ഓഫിസർ രാജേഷാണ് ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീയണയ്ക്കാൻ സഹായിച്ചത്. ഇൻസ്പെക്‌ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് സി.എ.അനീഷിന്റെ നേതൃത്വത്തിലായിരുന്നു തീയണയ്ക്കൽ. പ്രധാനപ്പെട്ട ഫയലുകൾ സൂക്ഷിച്ചിട്ടുള്ള ഇടമാണ് മജിസ്റ്റീരിയൽ, അക്കൗണ്ട്സ് വിഭാഗങ്ങൾ. ഇവ ഇരിക്കുന്ന ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ഷാജഹാൻ സ്ഥലം പരിശോധിച്ചു. വിശദമായ അന്വേഷണം നടത്താൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന് നിർദേശം നൽകി. 

ഫയർ ഓൺ ഫയൽസ്  ( അരുത്, ഫയലുകൾ  തീ വിഴുങ്ങരുത്) 
ചെറിയൊരു തീപ്പൊരി വീണാൽ കത്തിപ്പടരാവുന്നത്ര ഫയൽക്കൂനയാണ് കലക്ടറേറ്റിനുള്ളിൽ. അഡ്മിനിസ്ട്രേഷ‍ൻ ഹാളിലെ മേശപ്പുറത്തും റാക്കുകളിലും അലമാരകളിലും ഹാർഡ് ബോർഡ് പെട്ടികളിലുമായി കുന്നുകൂടി കിടക്കുന്നത് ഒന്നര ലക്ഷത്തോളം ഫയലുകൾ. ഇവയ്ക്കെന്തു സുരക്ഷിതത്വമെന്നു ചോദിച്ചാൽ തൃപ്തികരമായ മറുപടിയില്ല. ഷോർട്സർക്യൂട്ടോ അശ്രദ്ധയോ മതി ദുരന്തം സംഭവിക്കാൻ.

പുതിയ ഫയലുകൾക്ക് ഡിജിറ്റൽ പകർപ്പുണ്ടെങ്കിലും ഇവിടെ സൂക്ഷിച്ചിരിക്കുന്ന പഴയ ഫയലുകളിൽ പലതും ഡിജിറ്റലല്ല. വർഷങ്ങൾക്കു മുമ്പ് നടപടിക്രമങ്ങൾ തുടങ്ങിയ ഫയലുകളാണ്. പേപ്പർ–പെൻ രഹിത കലക്ടറേറ്റെന്ന പ്രഖ്യാപനവുമായി ആവിഷ്കരിച്ച ഇ–ഫയൽ, ഇ–ഡിസ്ട്രിക്ട്, ഇ–ഗവേണൻസ് പദ്ധതികളൊക്കെ പഴയ ഫയലുകളുടെ കാര്യത്തിൽ മെല്ലെപ്പോക്കിലാണ്. ഫയലുകളുടെ ഡിജിറ്റലൈസേഷൻ സമ്പൂർണമാക്കാൻ ഹൈ സ്പീഡ് സ്കാനർ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാക്കണമെന്ന് ജീവനക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com