യുവാവിനെ മർദിച്ച് മൊബൈൽ ഫോണും പണവും തട്ടിയ സംഘം പിടിയിൽ

Mail This Article
പെരുമ്പാവൂർ ∙ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചു യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു മൊബൈൽ ഫോണും പണവും തട്ടിയെടുത്ത സംഘം പിടിയിൽ . കോടനാട് ആലാട്ടുചിറ തേനൻ വീട്ടിൽ ജോമോൻ (38), നായത്തോട് അരീക്കൽ വീട്ടിൽ ബേസിൽ ജോൺ ബേബി (19), നായത്തോട് മേപ്പിരിയാടത്ത് വീട്ടിൽ അഭിജിത്ത് ഷൈജു, (19) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് കോടനാട് പൊലീസിന്റെ പിടിയിലായത്.
കുറിച്ചിലക്കോട് മൂഴി ഭാഗത്തുള്ള യുവാവിനെയാണു സംഘം തട്ടിക്കൊണ്ടു പോയത്. നെടുമ്പാശേരിയിൽ ആൾ പാർപ്പില്ലാത്ത സ്ഥലത്തു യുവാവിനെ എത്തിച്ച സംഘം മർദിച്ച് 20000 രൂപ വിലയുള്ള മൊബൈൽ ഫോണും 10,000രൂപയും തട്ടിയെടുക്കുകയായിരുന്നു.
ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിലുള്ളതുമായ ജോമോനെ അടുത്തിടെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരനായ യുവാവ് ഒറ്റിക്കൊടുത്തിട്ടാണ് അറസ്റ്റിലായത് എന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടു പോയി മർദിച്ചത്. സംഭവത്തിന് ശേഷം തണ്ടേക്കാട് സ്കൂളിൽ എത്തി ജോമോനും സംഘവും ബഹളമുണ്ടാക്കിയിരുന്നു.
അതിനു ശേഷം കുട്ടമ്പുഴയിലെ കുഞ്ചിപ്പാറയിലുള്ള വനത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. കാട്ടുവഴികളിലൂടെ സഞ്ചരിച്ചാണ് പ്രതികളെ പിടികൂടിയത്. കോടനാട് എസ്എച്ച്ഒ എ.എൽ. അഭിലാഷ്, എസ്ഐമാരായ പി.ജെ.കുര്യാക്കോസ് , എം. എസ്.ശിവൻ, എഎസ്ഐ അജി പി. നായർ, സീനിയർ സി പിഒ സുനിൽ കുമാർ, സിപിഒമാരായ ജിസ്മോൻ, ബെന്നി ഐസക് , എ.എസ് അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.