കളമശേരി സ്ഫോടനം: മരണം 6 ആയി

Mail This Article
കൊച്ചി ∙ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രവീൺ (24) മരിച്ചതോടെ കളമശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പ്രവീൺ വ്യാഴം രാത്രി 10.40നാണു മരിച്ചത്. പ്രവീണിന്റെ അമ്മ സാലിയും (45), സഹോദരി ലിബ്നയും (12) സ്ഫോടനത്തിൽ നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഒരേ കുടുംബത്തിലെ മൂന്നു പേരുടെ മരണം എല്ലാവർക്കും വേദനയായി. ലിബ്ന സ്ഫോടനത്തിനു പിറ്റേന്നും സാലി 11നുമാണു മരിച്ചത്. ഇരുവരും മരിച്ചതറിയാതെയാണു പ്രവീണിന്റെ മടക്കം.
അമ്മയെയും അനുജത്തിയെയും സംസ്കരിച്ച കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ ഇന്ന് ഉച്ചയ്ക്കു പ്രവീണിന്റെ മൃതദേഹം സംസ്കരിക്കും. മലയാറ്റൂർ സെന്റ് തോമസ് പള്ളിക്കു സമീപമുള്ള ഫുഡ് കോർട്ട് ഹാളിലേക്ക് രാവിലെ 9.30നു മൃതദേഹം കൊണ്ടു വരും. 11.30 വരെ പൊതുദർശനം. തുടർന്നു പ്രാർഥന ശുശ്രൂഷയ്ക്കു ശേഷം 12.30നു കൊരട്ടിയിലേക്കു കൊണ്ടു പോകും.ഒക്ടോബർ 29നു നടന്ന സ്ഫോടനത്തിൽ പരുക്കേറ്റവരിൽ 11 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 6 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 30 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ 3 പേർ സ്വകാര്യ ആശുപത്രി ഐസിയുവിലുണ്ട്. ഇവരിൽ ഒരാൾക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്.
ബന്ധുക്കൾക്ക് സഹായധനം
കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം സഹായ ധനം അനുവദിച്ചു. നേരത്തേ മരിച്ച 5 പേരുടെ ബന്ധുക്കൾക്കായി 25 ലക്ഷം രൂപയാണു കലക്ടർക്ക് അനുവദിച്ചത്. ഇതിനു പുറമേ സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവുകൾ പൂർണമായും പിന്നീട് ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.