എളവൂരിലെ ജലക്ഷാമത്തിന് പരിഹാരമായി

Mail This Article
നെടുമ്പാശേരി ∙ എളവൂരിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമായി. കൃഷിയാവശ്യങ്ങൾക്കു കൂടിയുതകുന്ന പാലുപ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഇനി രാവും പകലും പ്രവർത്തിക്കും. തുടർച്ചയായി പമ്പിങ് നടത്തുന്നതിന് 100 എച്ച്പിയുടെ പുതിയൊരു മോട്ടർ കൂടി ഇവിടെ സ്ഥാപിച്ചു.പാറക്കടവ് പഞ്ചായത്തിലെ 15, 16, 17, 18 വാർഡുകളിലെ 500 ഏക്കറിലേറെ സ്ഥലങ്ങളിലേക്ക് ഇനി കൃഷി ആവശ്യത്തിന് വെള്ളമെത്തും. പറമ്പുകളിൽ വെള്ളം സമൃദ്ധിയായി എത്തുന്നതോടെ ഉയർന്ന പ്രദേശമായ എളവൂർ, കുന്ന് പ്രദേശങ്ങളിലെ കിണറുകളിലും വെള്ളം നിറയുന്നതോടെ പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിനും ഇത് പരിഹാരമാകുമെന്നാണ് കരുതുന്നത്.
ചാലക്കുടിപ്പുഴയുടെ തീരത്താണ് പാലുപ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ മോട്ടർ സ്ഥാപിച്ചിരിക്കുന്നത്. 100 എച്ച്പിയുടെ മോട്ടറാണ് പ്രവർത്തിച്ചിരുന്നത്. ദിവസത്തിൽ 12 മണിക്കൂർ മാത്രമേ വെള്ളം പമ്പ് ചെയ്യാനാകൂ. ഇത് പര്യാപ്തമല്ലാത്തതിനാൽ 100 എച്ച്പിയുടെ പുതിയൊരു പമ്പ് കൂടി സ്ഥാപിക്കുകയായിരുന്നു. മോട്ടറിനാവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്നും പുതിയ പമ്പ് ഷെഡ്ഡിന് ആവശ്യമായ തുക ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്.
എളവൂർ പുഴയിൽ നിന്ന് പമ്പ് ചെയ്ത് 1.5 കിലോമീറ്റർ അകലെ എളവൂർ കുന്നേൽ പള്ളിയുടെ സമീപത്ത് ടാങ്കിലെത്തിച്ച് അവിടെ നിന്ന് വെള്ളം ലീഡിങ് ചാനലുകളിലൂടെയും പൈപ്പുകളിലൂടെയും 4 വാർഡുകളിലെ വിവിധ പ്രദേശങ്ങളിലെത്തിക്കും.പുതിയ പമ്പ് വന്നതോടെ ഇനി രാവും പകലും പമ്പിങ് നടക്കുന്നതോടെ പ്രദേശത്ത് ജല സമൃദ്ധിയാകുമെന്നാണ് കരുതുന്നത്. പ്രധാനമായും പറമ്പുകളിലെ ജാതി, തെങ്ങ്, പച്ചക്കറി കൃഷികൾക്കാണ് വെള്ളം പ്രയോജനപ്പെടുന്നത്. കിണറുകളിലും ഇനി നീരുറവ വർധിക്കും.നാളെ വൈകിട്ട് 4ന് എളവൂർ സെന്റ് ആന്റണീസ് യുപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ റോജി എം.ജോൺ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ് അധ്യക്ഷയാകും.