കൂത്താട്ടുകുളം നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം; കെഎസ്ആർടിസി ജീവനക്കാരനെ തെരുവുനായ ആക്രമിച്ചു

Mail This Article
കൂത്താട്ടുകുളം∙ ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിൽ ജോലിക്കെത്തിയ ജീവനക്കാരന് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാവിലെ സർവീസ് ആരംഭിക്കുന്നതിന് ബസ് എടുക്കാനെത്തിയ ഡ്രൈവർ മുത്തോലപുരം കോവാട്ടില്ലം കെ.ആർ. ശ്രീകുമാർ നമ്പൂതിരിക്കാണ് (55) കടിയേറ്റത്. ബസിനടിയിൽ പ്രസവിച്ചു കിടന്ന തെരുവുനായ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ശ്രീകുമാർ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നേരത്തെ 2 കണ്ടക്ടർമാർക്കും കടിയേറ്റിരുന്നു. മീഡിയ കവല, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മാർക്കറ്റ് പരിസരം, അശ്വതി കവല, നഗരസഭ സ്റ്റേഡിയത്തിനു സമീപം എന്നിവിടങ്ങളിലും തെരുവുനായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ അടിയിലും വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളുമാണ് ഇവയുടെ വിശ്രമകേന്ദ്രം. കാൽനട യാത്രക്കാർക്കു പിന്നാലെ നായ്ക്കൾ ഓടിയെത്തുന്നതും വാഹനങ്ങൾക്ക് കുറുകെ ചാടുന്നതും പതിവാണ്. ഏതാനും മാസത്തിനിടെ പതിനഞ്ചോളം പേർക്കും ഒട്ടേറെ വളർത്തുമൃഗങ്ങൾക്കും നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു.