ADVERTISEMENT

കാക്കനാട്∙ സർക്കാർ വകുപ്പുകളുടെ കെട്ടിട നികുതി കുടിശിക പിരിക്കാനിറങ്ങിയ തൃക്കാക്കര നഗരസഭാധികൃതരും വിവിധ വകുപ്പുകളും തമ്മിൽ കൊമ്പു കോർക്കൽ. 13.08 ലക്ഷം രൂപ കെട്ടിട നികുതി കുടിശിക അടക്കാൻ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർക്ക് നൽകിയ നോട്ടിസ് കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന് നഗരസഭ ജീവനക്കാർ എൻജിഒ ക്വാർട്ടേഴ്സ് ജംക‍്ഷനിലെ പൊതുമരാമത്ത് ഓഫിസിൽ നോട്ടിസ് പതിച്ചു നടപ്പാക്കി. ഇൻഫോപാർക്കിലെ കമ്പനികളുടെ പട്ടിക നൽകാനാകില്ലെന്ന് സിഇഒ നഗരസഭാധികൃതരോട് പറഞ്ഞതിനെ തുടർന്ന് അവർക്കെതിരെയും നടപടിക്ക് തീരുമാനിച്ചിട്ടുണ്ട്. 

ജില്ലയിൽ ഏറ്റവും കൂടുതൽ സർക്കാർ കെട്ടിടങ്ങളുള്ളതു തൃക്കാക്കര നഗരസഭ പരിധിയിലാണെങ്കിലും ഇവയിൽ പലതും കെട്ടിട നികുതി അടക്കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നീക്കം. പൊതുമരാമത്ത് വകുപ്പിലെ പല റാങ്കിലുള്ള ഉദ്യോഗസ്ഥരെ നോട്ടിസുമായി സമീപിച്ചെങ്കിലും കൈപ്പറ്റാൻ തയാറായില്ലെന്ന് അധികൃതർ പറഞ്ഞു. കെട്ടിട നികുതിയിനത്തിൽ 65.54 ലക്ഷം രൂപയും ഇതിന്റെ പലിശയിനത്തിൽ 65.31 ലക്ഷം രൂപയുമാണ് നഗരസഭയ്ക്ക് പൊതുമരാമത്ത് വകുപ്പ് നൽകാനുള്ളത്. ഇൻഫോപാർക്കിൽ നൂറു കണക്കിനു ഐടി കമ്പനികൾ ഉണ്ടെങ്കിലും പകുതിയിടങ്ങളിൽ നിന്നു മാത്രമേ തൊഴിൽ നികുതി ലഭിക്കുന്നുള്ളുവെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. നഗരസഭ ധനകാര്യ സ്ഥിര സമിതി ചെയർമാൻ കൂടിയായ വൈസ് ചെയർമാൻ പി.എം.യൂനുസ് സിഇഒയെ സന്ദർശിച്ച് ആവശ്യപ്പെട്ടിട്ടും കമ്പനികളുടെ പട്ടിക നൽകിയില്ലെന്നതാണ് നഗരസഭയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കെട്ടിട നികുതി കുടിശികയുള്ള എല്ലാ സർക്കാർ വകുപ്പുകൾക്കും നോട്ടിസ് അയക്കാനാണ് നഗരസഭയുടെ തീരുമാനം. 

ഇൻഫോപാർക്കിന് കെട്ടിട നികുതി ഇല്ല; തൊഴിൽ നികുതി അടയ്ക്കണം
കാക്കനാട്ടെ ഇൻഫോപാർക്കിനെയും പ്രത്യേക സാമ്പത്തിക മേഖലയെയും കേന്ദ്ര സർക്കാർ സെസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ കെട്ടിടങ്ങൾക്ക് തദ്ദേശ സ്ഥാപന നികുതി ഈടാക്കാനാകില്ല.  ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർ പ്രഫഷനൽ ടാക്സ് അടയ്ക്കണമെന്നാണ് ചട്ടം. പല കമ്പനികളും ഇതു പാലിക്കുന്നില്ലെന്നാണ് നഗരസഭയുടെ ആക്ഷേപം. തൊഴിൽ നികുതി അടയ്ക്കുന്ന കമ്പനികളാകട്ടെ മുഴുവൻ ജീവനക്കാരെയും അതിൽ ഉൾപ്പെടുത്തിയിട്ടില്ലത്രെ. നോട്ടിസ് നൽകി കൃത്യമായി വിവരം ശേഖരിക്കാനാണ് കമ്പനികളുടെ പട്ടിക ആവശ്യപ്പെട്ടതെന്നും നഗരസഭാധികൃതർ പറഞ്ഞു. പട്ടിക നൽകാൻ സിഇഒ തയാറാകാത്ത സാഹചര്യത്തിൽ നിയമ നടപടി കൈക്കൊള്ളാനാണ് തീരുമാനം.

============================================

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com