ADVERTISEMENT

പിറവം∙ കലയുടെ പൂരത്തിന് ഇന്നു കൊടിയേറ്റം. ഇനിയുള്ള 5 ദിനങ്ങൾ ജില്ലയിലെ കലാ ആസ്വാദകരുടെ കണ്ണും കാതും മനവും പിറവത്തേക്ക്. റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ 14 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള 8,000 പ്രതിഭകൾ പങ്കെടുക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണു ഭക്ഷണ വിതരണം. ‌ഭക്ഷണശാലയുടെ കലവറയിലേക്കുള്ള പച്ചക്കറി ഇനങ്ങൾ  വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർഥികളുടെയും  നഗരസഭാപരിധിയിലെ കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിൽ ശ്രമദാനമായി സമാഹരിക്കുകയായിരുന്നു. എംകെഎം ഹയർ സെക്കൻഡറി സ്കൂളിലെ കലവറയിൽ ഇവ തരം തിരിക്കുന്ന ജോലികളെല്ലാം വിദ്യാർഥികളുടെ നേതൃത്വത്തിലാണു പൂർത്തിയാക്കിയത്.

മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇന്നലെ ഭക്ഷണശാലയുടെ പ്രവർത്തനം ആരംഭിച്ചു. അനൂപ് ജേക്കബ് എംഎൽഎ, നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്, ഉപാധ്യക്ഷൻ കെ.പി. സലിം, കൗൺസിലർ രാജു പാണാലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.  കലോത്സവത്തിന്റെ പ്രോഗ്രാം ബുക്ക് അനൂപ് ജേക്കബ് എംഎൽഎ പ്രകാശനം ചെയ്തു.

കൺവീനർ ബിജു കെ. ജോൺ, സൈബി സി. കുര്യൻ, ബിജു എം. പോൾ, ജോബി കുര്യാക്കോസ്, അനൂപ് ജോൺ, ഇ.പി. ബിനു തുടങ്ങിയവർ പ്രസംഗിച്ചു. നാളെ 9നു വലിയ പള്ളി ഹാളിൽ ചേരുന്ന യോഗത്തിൽ മന്ത്രി പി. രാജീവ് കലോത്സവത്തിന്റെ  ഉദ്ഘാടനം നിർവഹിക്കും.

വിദ്യാഭ്യാസ ഉപജില്ലകളിൽ കലോത്സവങ്ങൾ പൂർത്തിയാകുന്നതു വൈകിയതു റവന്യു ജില്ലാ കലോത്സവത്തിന്റെ റജിസ്ട്രേഷനെ ബാധിച്ചു. വെള്ളിയാഴ്ച വൈകിട്ടാണു ചില ഉപജില്ലയിൽ കലോത്സവങ്ങൾ സമാപിച്ചത്. 14 ഉപജില്ലകളാണു റവന്യു ജില്ലയിൽ ഉള്ളത്. മത്സരം വൈകിയതോടെ ഇവിടെ നിന്നുള്ള മത്സരാർഥികളുടെ വിവരങ്ങൾ ഇന്നലെ പുലർച്ചെ വരെ നീണ്ട ശ്രമഫലമായാണു ക്രോഡീകരിക്കാനായതെന്നു സംഘാടക സമിതി പറഞ്ഞു. 

റജിസ്ട്രേഷൻ ലഭിച്ചില്ല

കലോത്സവത്തിൽ 2 ഇനങ്ങളിൽ  റജിസ്ട്രേഷൻ ലഭിച്ചിട്ടില്ല. യുപി വിഭാഗം ഉറുദു കഥാരചന, ഹൈസ്കൂൾ വിഭാഗം ഉറുദു ക്വിസ് മത്സരങ്ങളിലാണ് ആരും റജിസ്റ്റർ ചെയ്യാത്തത്. 305 ഇനങ്ങളിലാണു മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. 

മോണോ ആക്ട്, മിമിക്രി 

കലോത്സവത്തിൽ  ജനപ്രിയ ഇനങ്ങളായ മോണോ ആക്ട്, മിമിക്രി ഇനങ്ങൾ ഇന്നു നടക്കും. വേദി നമ്പർ 7ലാണു (എംകെഎം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം) മത്സരങ്ങൾ. 9നു ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോആക്ട് ആരംഭിക്കും.    10ന് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾ, 11നു യുപി വിഭാഗം, 12നു ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികൾ, 1നു ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികൾ എന്നിങ്ങനെ മത്സരങ്ങൾ പൂർത്തിയാകും. 

 2നു ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രി മത്സരം ആരംഭിക്കും. 3നു ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾ, 3.30നു ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികൾ, 4.30നു ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികൾ എന്നിങ്ങനെയാണു സമയക്രമം. ഹയർ സെക്കൻഡറി സ്കൂളിലെ 1 മുതൽ 15 വരെയുള്ള മുറികളിൽ രചനാ മത്സരങ്ങൾ നടക്കും.

പിറവം എംകെഎം ഹയർ െസക്കൻഡറി സ്കൂൾ കലവറയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പച്ചക്കറികൾ തരം തിരിക്കുന്നു.
പിറവം എംകെഎം ഹയർ െസക്കൻഡറി സ്കൂൾ കലവറയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പച്ചക്കറികൾ തരം തിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com