പൊതുമരാമത്തിന്റെ അനാസ്ഥയിൽ വീണ് അപകടം തുടരുന്നു

Mail This Article
പെരുമ്പാവൂർ ∙പൊതുമരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്കു മൂലം നഗരമധ്യത്തിൽ യൂണിയൻ ബാങ്ക് കവലയിലെ കുഴിയിൽ വീണു അപകടങ്ങൾ വർധിക്കുന്നു. എഎം റോഡിൽ അനധികൃതമായി റോഡ് വെട്ടിപ്പൊളിച്ച ഭാഗത്തെ കുഴിയിൽ വീണു 2 മാസത്തിനിടെ 7 ബൈക്ക് യാത്രികർക്കാണു പരുക്കേറ്റത്. സെപ്റ്റംബർ 22ന് രാത്രിയാണ് കലുങ്ക് നിർമാണത്തിന് അനധികൃതമായി റോഡ് കുറുകെ പൊളിച്ചത്.
പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ചതിനെതിരെ വൻ പ്രതിഷേധം ഉയർന്നു. കരാറുകാരൻ കുഴി മൂടാൻ വിസമ്മതിച്ചതോടെ പൊതുമരാമത്ത് വകുപ്പ് സ്വന്തം ചെലവിൽ മൂടി. എന്നാൽ ടാർ ചെയ്്തില്ല. ടാറിങ് വൈകുന്നതുമൂലം കുഴി മൂടിയ ഭാഗത്ത് അപകടകരമായ കട്ടിങ് രൂപപ്പെട്ടു. ഇവിടെയാണ് ബൈക്ക് യാത്രികർ അപകടത്തിൽപെടുന്നത്.വകുപ്പിന്റെ അനാസ്ഥക്കെതിരെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ പ്രതിഷേധിച്ചിട്ടും ഫലമില്ല.
കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും ജനപ്രതിനിധികളും രാഷ്ടീയ കക്ഷി പ്രതിനിധികളും കുഴി അടയ്ക്കാത്തതിൽ പ്രതിഷേധിച്ചു. കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന താലൂക്ക് സഭ ആവശ്യപ്പെട്ടു. രാത്രിയിലാണ് അപകടങ്ങൾ കൂടുതൽ. ഈ സമയത്തു വാഹനങ്ങൾ കുറവായതിനാൽ വേഗത്തിൽ പോകുന്ന ബൈക്ക് യാത്രികരാണു കുഴിയിൽ വീണു പരുക്കേറ്റ് ആശുപത്രിയിലാകുന്നത്. 2 മാസമായിട്ടും ഇവിടെ ടാർ ചെയ്യാത്തതിനാൽ പ്രതിഷേധം ഉയരുകയാണ്.