ADVERTISEMENT

അങ്കമാലി ∙  റെയിൽവേ സ്റ്റേഷനു സമീപമുള്ള അങ്ങാടിക്കടവിൽ അടിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് തൃശൂർ–എറണാകുളം ലൈനിലും താൽക്കാലികമായി ഗർഡർ സ്ഥാപിച്ചു. മൂന്നാഴ്ച മുൻപ് എറണാകുളം–തൃശൂർ ലൈനിലും താൽക്കാലിക ഗർഡർ സ്ഥാപിച്ചിരുന്നു. ഗർഡറുകൾ സ്ഥാപിച്ചതോടെ അടിപ്പാതയ്ക്കു മണ്ണു നീക്കം ചെയ്യുന്ന നടപടികൾ തുടങ്ങാനാവും. നിർമാണ പ്രവർത്തനങ്ങളോടനുബന്ധിച്ചു ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്നു മുൻകൂട്ടി അറിയിച്ചിരുന്നു. 

ഞായറാഴ്ച പുലർച്ചെ 3.30നാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായത്.  എറണാകുളം–തൃശൂർ ലൈനിൽ ഗർഡർ സ്ഥാപിച്ചപ്പോൾ വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ പത്തോളം ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടി വന്നിരുന്നു.  ചില ട്രെയിനുകൾ റദ്ദാക്കിയ ശേഷമാണു തൃശൂർ–എറണാകുളം ലൈനിൽ ഗർഡർ സ്ഥാപിച്ചത്.15 മീറ്ററോളം വീതിയിലാണ് ഇരുവശങ്ങളിലും താൽക്കാലിക ഗർഡറുകൾ സ്ഥാപിച്ചിട്ടുള്ളത്.

അടിപ്പാതയുടെ നിർമാണം 6 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണു കരാറുകാരനു നിർദേശം. നേരത്തെ പല പ്രാവശ്യം മാറ്റിവച്ച നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ തുടങ്ങിയത്. പറവൂർ, കൊടുങ്ങല്ലൂർ, മാള തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ ഈ റൂട്ടിലൂടെയാണു കടന്നു പോകുന്നത്.

6 സ്വകാര്യ ബസുകളാണ് ഈ റൂട്ടിലൂടെ സർവീസ് നടത്തുന്നത്. ബസുകളുടെ സമയക്രമം തെറ്റിയിരിക്കുകയാണ്.  അടിപ്പാതയുടെ നിർമാണം നടക്കുന്നതിനു തൊട്ടടുത്തുള്ള പീച്ചാനിക്കാട് പ്രദേശത്തുള്ളവർ ഏറെ ദൂരം ചുറ്റി സഞ്ചരിച്ചാണു വീടുകളിലെത്തുന്നത്. മഴ കനത്താൽ നിർമാണ പ്രവർത്തനങ്ങൾ വൈകും. അടിപ്പാതയുടെ നിർമാണം നീണ്ടുപോയാൽ ജനങ്ങൾ ദുരിതത്തിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com