ADVERTISEMENT

കളമശേരി ∙ നൊന്തുപ്രസവിച്ച 7 കുഞ്ഞുങ്ങളെ ഒറ്റദിവസം നഷ്ടപ്പെട്ട് അവശനിലയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനും സമീപവും കടവരാന്തയിലുമായി കഴിഞ്ഞിരുന്ന അമ്മനായയ്ക്ക് എസ്പിസിഎ (സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്) അംഗം ശ്രീദേവി രക്ഷകയായി. നായയെ കോട്ടയത്തെ റസ്ക്യു ഹോമിലേക്കു കൊണ്ടുപോയി. നായയ്ക്ക് ആവശ്യമായ ചികിത്സ നൽകി ആരോഗ്യം വീണ്ടെടുത്തുവെന്ന് ഉറപ്പാക്കിയ ശേഷം വന്ധ്യംകരണം നടത്തി എച്ച്എംടി ജംക്‌ഷനിൽ തന്നെ തുറന്നുവിടുമെന്നു ശ്രീദേവി അറിയിച്ചു.

ബുധനാഴ്ച വൈകിട്ടാണ് കച്ചവടക്കാരുടെയും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നവരുടെയും കരളലിയിക്കുന്ന ദൃശ്യങ്ങൾ അരങ്ങേറിയത്. അന്നു രാവിലെ തുണിക്കടയുടെ ഷട്ടറിനു മുന്നിലെ ചവിട്ടിയിൽ 7 നായ്ക്കുട്ടികളെ നന‍ഞ്ഞ നിലയിൽ കടയുടമ കണ്ടെത്തിയത്. 

നായ്ക്കുട്ടികൾ ചത്തതായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. കടയുടമ കുട്ടികളെ കലാസ് പെട്ടിയിലാക്കി റോഡിനപ്പുറത്ത് സുരക്ഷിത സ്ഥലത്തേക്കു മാറ്റിവച്ചു. ഇതറിയാതെ മടങ്ങിയെത്തിയ അമ്മനായ കുഞ്ഞുങ്ങൾക്കായി പരതി. മണിക്കൂറുകൾക്കൊടുവിൽ കുട്ടികളെ കണ്ടെത്തി. അവയെ ഓരോന്നിനെയും കടിച്ചെടുത്ത് റോഡ് കുറുകെക്കടന്നു ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പിന്നിൽ കാനയിൽ കൊണ്ടുവന്നു കിടത്തി. ഉണരാത്ത മക്കളെ നോക്കി ഏറെ നേരം നിന്നു. പിന്നീട് ഓരോ നായ്ക്കുട്ടിയുടെയും മീതെ കാലുകൾ കൊണ്ടു മണ്ണ് മാന്തിയിട്ടു.

 പൂർണമായി മണ്ണിട്ടു മൂടാതെ കിടന്ന നായ്ക്കുട്ടികളെ അപ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്ന ഐടിഐ വിദ്യാർഥികൾ മൺവെട്ടി സംഘടിപ്പിച്ചു കൊണ്ടുവന്നു കുഴിയെടുത്തു മറവു ചെയ്തു. എങ്കിലും അമ്മനായ അവിടെ നിന്നു മാറിയില്ല. തളർന്നവശയായ അമ്മനായ ഇന്നലെയും  മക്കൾ അവസാനമായി കിടന്ന സ്ഥലത്തും പരിസരത്തുമായി ചുറ്റിനിന്നു. ബിസ്കറ്റും മറ്റും നൽകിയെങ്കിലും കഴിക്കാൻ കൂട്ടാക്കിയില്ല. 

വൈകിട്ട് 4 മണിയോടെയാണു ശ്രീദേവിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി നായയെ റസ്ക്യു ഹോമിലേക്കു കയറ്റിവിട്ടത്.നായ്ക്കുട്ടികളുടെ കൂട്ടമരണത്തിനു കാരണം കണ്ടെത്താനായില്ല. ഒന്നര ആഴ്ചയോളം മാത്രം വളർച്ചയുള്ള നായ്ക്കുട്ടികളെ ആരോ വിഷം കൊടുത്തു കൊന്നതാണെന്നും അതല്ല, തലേദിവസം രാത്രി പെയ്ത കനത്തമഴയിൽ വെള്ളക്കെട്ടിൽ പെട്ടതാകാം മരണകാരണമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com