ADVERTISEMENT

കൊച്ചി ∙ കുട്ടികളെ പ്രദർശന വസ്തുവാക്കരുതെന്നു ഹൈക്കോടതി. ഓരോ കുട്ടിയും വിഐപിയാണെന്നും അവരെ അങ്ങനെതന്നെ പരിഗണിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നവകേരള സദസ്സിനു സ്കൂൾ കുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.  കേരള വിദ്യാഭ്യാസ ചട്ടപ്രകാരം കുട്ടികളുടെ അന്തസ്സ് മാനിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണു വേണ്ടതെന്നു കോടതി പറഞ്ഞു.

കുട്ടികളെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുന്നില്ലെന്ന വാദം അംഗീകരിക്കാനാവില്ല. അധ്യാപകർ പറഞ്ഞാൽ കുട്ടികൾ പോകും. പക്ഷേ, അത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയശേഷവും കുട്ടികളെ പങ്കെടുപ്പിച്ചെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് തെറ്റായിരുന്നു എന്നു സർക്കാർ തന്നെ സമ്മതിച്ചു.

എന്നിട്ടും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.  തെറ്റു ചെയ്യുന്ന ഉദ്യോഗസ്ഥരെ സർക്കാർ ന്യായീകരിക്കുന്നത് എന്തിനാണ്? രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുകയാണ് അവരെന്നും കോടതി പറഞ്ഞു. സർക്കാർ വിശദമായ നിലപാട് അറിയിക്കണമെന്നു നിർദേശിച്ച ഹൈക്കോടതി ഹർജി നാളെ പരിഗണിക്കാൻ മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com