ADVERTISEMENT

പിറവം∙ ജലവിതരണ പൈപ്പ് ഇടുന്നതിനു കുഴിച്ച രാമമംഗലം–ചൂണ്ടി റോഡിന്റെ പൂർത്തീകരണം വൈകുന്നതോടെ യാത്രാ ദുരിതം വർധിക്കുന്നു. പൈപ്പ് ഇട്ടതിനു ശേഷം ടാറിങ്ങിനു മുന്നോടിയായി മെറ്റൽ വിരിച്ചിരിക്കുകയാണ് ഇപ്പോൾ. ആഴ്ചകളായി ഇതേ നില തുടരുന്നതോടെ റോഡിന്റെ ഓരത്തുള്ള വീടുകളിൽ പൊടിശല്യം രൂക്ഷമായി. ശ്വാസകോശ രോഗങ്ങൾ ഉള്ളവരും കുട്ടികളും എല്ലാം ഏറെ ക്ലേശിക്കുകയാണ്.

പൊടി അടിഞ്ഞു വീട്ടുമുറ്റത്തു പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ നിറം പോലും മാറിയതായി നാട്ടുകാർ പരാതിപ്പെട്ടു.   പാമ്പാക്കുട, മാറാടി, മണ്ണത്തൂർ പ്രദേശങ്ങളിൽ നിന്നു കല്ലും മണ്ണുമായി കൊച്ചിയിലേക്കുള്ള  വാഹനങ്ങളെല്ലാം ഇതുവഴിയാണു കൊച്ചി–മധുര ദേശീയ പാതയിലേക്കു പ്രവേശിക്കുന്നത്. വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിൽ വിരിച്ചിരിക്കുന്ന മെറ്റൽ തെറിച്ചു വീടുകളുടെ ജനൽ പാളികളും തകർത്തു ഉള്ളിൽ വീഴുന്നതും പതിവാണ്.

കഴിഞ്ഞ ദിവസം പുലക്കുടിയിൽ വീടിന്റെ ജനൽ തകർത്ത് കരിങ്കൽ ചീളു വീണു. മേഖലയിലെ സ്കൂളുകളിലേക്ക് നടന്നു പോകുന്ന വിദ്യാർഥികൾക്കും ഇരുചക്ര വാഹനയാത്രക്കാർക്കും മെറ്റൽ തെറിക്കുന്നതു അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.രാമമംഗലത്തു പുഴയിൽ നിന്നു ശേഖരിക്കുന്ന വെള്ളം ചൂണ്ടി സംഭരണ ശാലയിൽ എത്തിച്ചു ശുചീകരിച്ചാണു വിതരണം ചെയ്യുന്നത്. 

ഇതുൾപ്പെടെ പല ആവശ്യങ്ങൾക്കുള്ള പൈപ്പുകളാണു രാമമംഗലം–ചൂണ്ടി റോഡിനടിയിലൂടെ കടന്നു പോകുന്നത്.  പൈപ്പ് അറ്റകുറ്റപ്പണിക്കു വേണ്ടി റോഡ് കുഴിക്കേണ്ടി വരുന്നതിനാൽ വർഷങ്ങളായി ഇതുവഴി സുഗമമായ ഗതാഗതം നടക്കാറില്ല. റോഡ് ഒഴിവാക്കി പൈപ്പ് ഇടുന്നതിനു ബദൽ മാർഗങ്ങൾ ഉണ്ടെങ്കിലും അവഗണിക്കുകയാണെന്നാണു ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com