കോഴിമല ടാങ്ക് അപകടത്തിൽ: ചോർച്ച പതിവ്
Mail This Article
കിഴക്കമ്പലം∙ കോഴിമലയിലെ ശുദ്ധജല ടാങ്ക് അപകട ഭീഷണിയിൽ. കുന്നത്തുനാട് പഞ്ചായത്ത് 11–ാം വാർഡ് കോഴിമലയിലെ 50 വർഷം പഴക്കമുള്ള ടാങ്കാണ് ചോർന്നൊലിക്കുന്നത്. രാവിലെ പമ്പിങ് സമയത്ത് ചോർച്ച മൂലം റോഡ് മുഴുവൻ വെള്ളം നിറയും. ടാങ്കിന്റെ വിവിധ ഭാഗങ്ങളിൽ ചോർച്ചയുണ്ട്. ഏതു സമയത്തും നിലം പൊത്താവുന്ന സാഹചര്യത്തിലാണ് ടാങ്കെന്ന് നാട്ടുകാർ പറഞ്ഞു.
ടാങ്കിലേക്ക് കയറാനുള്ള ഏണി തകർന്നു. നേരത്തേ ചോർച്ചയുണ്ടായ സമയത്ത് നാട്ടുകാർ തന്നെ അറ്റകുറ്റപ്പണി ചെറുതായി നടത്തിയിട്ടുണ്ട്. പഞ്ചായത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രദേശമായ കോഴിമലയിലാണ് ടാങ്ക് . വെമ്പിള്ളിയിൽ നിന്നാണ് ശുദ്ധജലം പൈപ്പ് വഴി ടാങ്കിലേക്ക് എത്തിക്കുന്നത്. നെല്ലിക്കാമുകൾ, കോഴിമല, അമ്പലപ്പടി, പെരിങ്ങാല എന്നിവിടങ്ങളിലേക്കുള്ള ഒട്ടേറെ കുടുംബങ്ങളാണ് ഇൗ ടാങ്കിലെ ശുദ്ധജലത്തെ ആശ്രയിച്ച് കഴിയുന്നത്. ഉയർന്ന പ്രദേശമായതിനാൽ വേനലിൽ കടുത്ത ശുദ്ധജല ക്ഷാമം പലയിടങ്ങളിലും നേരിടുന്നുണ്ട്.
∙ ചോർച്ച രൂക്ഷം: ടാങ്കിൽ വെള്ളം നിൽക്കുന്നില്ല
ഇപ്പോൾ തന്നെ ടാങ്കിന്റെ ചോർച്ച മൂലം പെട്ടെന്ന് വെള്ളം തീർന്നു പോകുന്നു. ടാങ്കിന് എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകും. അതിനാൽ എത്രയും വേഗം ടാങ്കിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.