ADVERTISEMENT

പള്ളുരുത്തി∙ അരൂരിൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു വാഹനങ്ങൾ എഴുപുന്ന കുമ്പളങ്ങി പള്ളുരുത്തി റൂട്ടിലൂടെ കടത്തിവിട്ടത് റോഡിൽ പലയിടത്തും ഗതാഗതക്കുരുക്കുണ്ടാക്കി. ദേശീയപാതയിൽ അരൂർ - തുറവൂർ ഉയരപ്പാതയ്ക്കായി നിർമിക്കുന്ന തൂണുകൾക്ക് മുകളിൽ ബീമുകൾ, ഗർഡറുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള ലോഞ്ചിങ് ഗ്രാൻട്രി പാതയ്ക്ക് കുറുകെ അരൂരിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ തുറവൂർ - എഴുപുന്ന - കുമ്പളങ്ങി - പള്ളുരുത്തി റോഡിലൂടെ ഒരു മണിക്കൂർ നേരത്തേക്ക് വഴിതിരിച്ചു വിട്ടത്. 

പലയിടത്തും വീതി കുറഞ്ഞ റോഡായതിനാൽ ഇരു ഭാഗത്തു നിന്നും വലിയ വാഹനങ്ങൾ എത്തിയപ്പോൾ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മേഖലയിലെ പ്രധാന ജംക്‌ഷനായ കുമ്പളങ്ങി വഴിയിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് വിയർത്തു. രണ്ടു പൊലീസുകാരെ മാത്രമാണ് ഇതിനായി വിന്യസിച്ചത്. കുമ്പളങ്ങി വഴിയിൽ രൂപപ്പെട്ട ബ്ലോക്ക് പെരുമ്പടപ്പ് വരെ നീണ്ടു. ഏറെ സമയം റോഡ് ബ്ലോക്കായി. 

ഉയരപ്പാതയുടെ പ്രധാന ജോലികൾ പൂർത്തിയാകും വരെ എഴുപുന്ന കുമ്പളങ്ങി റൂട്ടിലൂടെ വാഹനങ്ങൾ കടത്തിവിടാൻ കലക്ടറുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സേവ് പീപ്പിൾ സേവ് കൊച്ചി സംഘടനയും കുമ്പളങ്ങി പഞ്ചായത്തും രംഗത്തെത്തിയിരുന്നു. ഒരു മണിക്കൂർ സമയം വാഹനങ്ങൾ കടത്തിവിട്ടപ്പോൾ തന്നെ റോഡിൽ ഇത്രമാത്രം ഗതാഗതക്കുരുക്കുണ്ടായ സാഹചര്യത്തിൽ മുഴുവൻ സമയവും ഇതിലൂടെ വണ്ടിയോടിയാൽ സ്ഥിതി  ദയനീയമാകുമെന്നു നാട്ടുകാർ ആശങ്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com