ADVERTISEMENT

വൈപ്പിൻ∙ ഞാറയ്ക്കൽ പഞ്ചായത്ത് ഒന്നാം  വാർഡിൽ  പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാസങ്ങൾക്കു  മുൻപ് ഒരുക്കിയ ജിയോ ബാഗ് ഭിത്തി പൂർണമായി തകർന്നതായി പരാതി. തിരമാലകളെ  പ്രതിരോധിക്കുന്നതിനായി  പ്രത്യേക തരം തുണി കൊണ്ടു നിർമിച്ച ചാക്കുകളിൽ മണൽ നിറച്ചാണ് ജിയോ ബാഗുകൾ നിർമിക്കുന്നത്. തുടർന്ന് ഇവ ഭിത്തിയുടെ രൂപത്തിൽ തീരത്ത് നിരത്തി സ്ഥാപിക്കും. ഞാറയ്ക്കൽ പഞ്ചായത്തിലെ ജിയോ ബാഗ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെ കുറിച്ച് പല തവണ നാട്ടുകാരും താനും അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്ന് പഞ്ചായത്ത് അംഗം സജീഷ് മങ്ങാടൻ പറഞ്ഞു.

എന്നാൽ  അതിനു ശേഷവും  കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് ഭരണ സമിതിയും  ഉദ്യോഗസ്ഥരും സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന്  ആവശ്യപ്പെട്ട്  കലക്ടർക്ക് പരാതി നൽകിയതായും പഞ്ചായത്ത് അംഗം അറിയിച്ചു. എടവനക്കാട്  അണിയിൽ കടപ്പുറത്തും ജിയോബാഗ് പദ്ധതിയുമായി  ബന്ധപ്പെട്ട് പരാതി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു പല തീരമേഖലകളിലും പ്രയോഗിച്ച് പരാജയപ്പെട്ട ജിയോബാഗുകൾ ലക്ഷക്കണക്കിന് രൂപ ചെലവിട്ട് വൈപ്പിൻ തീരത്ത് സ്ഥാപിക്കുന്നതിനെതിരെ  തുടക്കത്തിൽ തന്നെ എതിർപ്പ്  ഉയർന്നിരുന്നു. 

ലക്ഷക്കണക്കിന് രൂപ ചെലവിട്ട്  പഴങ്ങാട് മേഖലയിൽ സ്ഥാപിച്ച ബാഗുകൾ അതിനു ശേഷമുണ്ടായ ആദ്യ കടൽക്ഷോഭത്തിൽ തന്നെ തകർന്നിരുന്നു. പൊട്ടി തകർന്ന്  ഒഴുകിപ്പോയ ബാഗുകളിൽ പലതും ഇപ്പോൾ മണലിനടിയിലാണ് .അണിയിൽ കടപ്പുറത്ത് പദ്ധതി പൂർണ തോതിൽ നടപ്പാക്കിയിട്ടുമില്ല. ഇതിനു പിന്നാലെയാണ് ഞാറയ്ക്കലിലും പദ്ധതിയുമായി ബന്ധപ്പെട്ട്  പരാതി ഉയർന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com