ADVERTISEMENT

കുമ്പളങ്ങി∙ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കുമ്പളങ്ങിയിലെ നീന്തൽ പരിശീലന കേന്ദ്രം അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് 3 വർഷം പിന്നിടുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലത്താണ് കുമ്പളങ്ങി നോർത്തിലെ പഞ്ചായത്തിന്റെ വലിയ കുളത്തിൽ നീന്തൽ പരിശീലന കേന്ദ്രം ആരംഭിച്ചത്. കുട്ടികളെയും യുവാക്കളെയും നീന്തൽ പരിശീലിപ്പിക്കുകയായിരുന്നു പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് കുളം നവീകരിച്ചു ചുറ്റുമതിലും ഫെൻസിങും സ്ഥാപിച്ചു. ശുചിത്വ മിഷന്റെ 8 ലക്ഷം രൂപ വിനിയോഗിച്ചു കുളത്തിൽ പരിശീലനത്തിനെത്തുന്നവർക്ക് ശുചിമുറികളും മറ്റുമടങ്ങുന്ന കെട്ടിടവും നിർമിച്ചു. എന്നാൽ, ഉദ്ഘാടനം നടന്നതല്ലാതെ പരിശീലനം തുടങ്ങാനായില്ല. ചുമതലയേറ്റ നിലവിലെ ഭരണസമിതിയാവട്ടെ പദ്ധതി നടപ്പാക്കാൻ ശുഷ്കാന്തിയും കാട്ടുന്നില്ല.

കുളത്തിന്റെ അവസ്ഥ ദയനീയം
പായലും കാടും കയറി കുളം അനാഥമായി കിടക്കുകയാണ്. മാത്രമല്ല പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുളത്തിലേക്ക് വലിച്ചെറിയുന്നത് മൂലം വെള്ളം മലിനമായി. പഴയകാലത്ത് കുമ്പളങ്ങിയിൽ നിറയെ കുളങ്ങളും കിണറുകളും തോടുകളും കാണാമായിരുന്നു. നാട്ടുകാരുടെ പ്രധാന കുടിനീർ സ്രോതസ്സായിരുന്നു അവയെല്ലാം. എന്നാൽ, ഇപ്പോൾ അവയിൽ ഭൂരിഭാഗവും അന്യമായി. അവശേഷിക്കുന്ന സ്രോതസ്സുകളിൽ ഒന്നിന്റെ അവസ്ഥയാവട്ടെ ഇങ്ങനെയും. ഈ പദ്ധതി ആരംഭിച്ചാൽ കുട്ടികളടക്കമുള്ളവർക്ക് പ്രയോജനപ്പെടും. പരിശീലകനെ ഏൽപിച്ച ശേഷം ആളുകളിൽ നിന്ന് നിശ്ചിത തുക ഫീസ് ഈടാക്കുകയാണെങ്കിൽ പഞ്ചായത്തിന് മറ്റൊരു വരുമാനവും ലഭിക്കും.

ശുചിമുറിക്കെട്ടിടം ശോചനീയം
കുളത്തിനോട് ചേർന്ന് നീന്തൽ പഠിക്കാൻ വരുന്നവർക്ക് വസ്ത്രം മാറാനും കുളിക്കാനും മറ്റുമായി ശുചിമുറി അടക്കമുള്ള കെട്ടിടം നിർമിച്ചിരുന്നു. ഇതിന്റെ അവസ്ഥയും പരിതാപകരമാണ്. ഈ കെട്ടിടം പരിപാലിക്കാനായി ആരും തന്നെയില്ലെന്നു നാട്ടുകാർ പറയുന്നു. സമീപത്തുള്ള യൂണിയനുകളുടെ തൊഴിലാളികളും വഴിയാത്രികരുമാണ് ഈ ശുചിമുറി ഉപയോഗപ്പെടുത്തുന്നത്. ഒരു ശുചിമുറി താഴിട്ടു പൂട്ടിയ നിലയിലാണ്. മറ്റൊരെണ്ണത്തിന്റെ അവസ്ഥയാവട്ടെ ശോചനീയവും. മൂക്കുപൊത്താതെ അതിനകത്തേക്ക് കയറാൻ സാധിക്കില്ല. കുളത്തിൽ നീന്തൽ പരിശീലനം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് കുമ്പളങ്ങി  പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു പറഞ്ഞു  . പരിശീലന കേന്ദ്രം ഏറ്റെടുത്ത് നടത്താനായി ചിലർ പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. സ്ഥലം പാട്ടത്തിനു നൽകാനാണ് തീരുമാനമെന്നും ലീജ തോമസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com