പൈപ്പുകളിടാൻ റോഡരിക് പൊളിച്ചു, മണ്ണുതൂകി അധികൃതർ മടങ്ങി; റോഡുകളുടെ വശങ്ങൾ താഴ്ത്തിയത് മൂടി ബലപ്പെടുത്തിയില്ല
Mail This Article
പെരുമ്പാവൂർ ∙ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ ഗ്രാമീണ റോഡുകളുടെ വശങ്ങൾ താഴ്ത്തിയത്, മൂടി ബലപ്പെടുത്തിയില്ലെന്നു പരാതി. വെങ്ങോല പഞ്ചായത്തിലെ റോഡുകളിലാണ് പരാതി ഉയർന്നിരിക്കുന്നത്. വെങ്ങോല കനാൽ ബണ്ട് റോഡ് മുതൽ ടാങ്ക് സിറ്റി വഴി വളയൻചിറങ്ങര വരെയും ബഥനി ജംക്‌ഷൻ മുതൽ ത്രിവേണി കനാൽപാലം വരെയും അല്ലപ്ര കുരിശ് മുതൽ നീർപ്പാലം വഴി എരപ്പ് വരെയും റോഡുകളുടെ വശങ്ങൾ നീളത്തിൽ കുഴിച്ചിരുന്നു. ഇവ മണ്ണിട്ടു മൂടിയെങ്കിലും ബലപ്പെടുത്തിയില്ല. ഇതിനാൽ മഴപെയ്തു കുതിർന്നു കിടക്കുമ്പോൾ വാഹനങ്ങൾ താഴുന്നു. 3 മാസത്തോളമായി പൈപ്പുകൾ സ്ഥാപിച്ചിട്ട്. ഇതിനു ശേഷം ബലപ്പെടുത്തുന്നതിനുള്ള നടപടികൾ ഉണ്ടായില്ല. പിഎംജിഎസ്‌വൈ പ്രകാരം റോഡ് പുനർനിർമിക്കുന്നതിന് പണം അടച്ചതായി വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുനർനിർമാണം നടത്തേണ്ടത്. റോഡ് പഴയ സ്ഥിതിയിലാക്കി സഞ്ചാരം സുഗമമാക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ വെങ്ങോല പഞ്ചായത്ത് തല പ്രസിഡന്റ് സണ്ണി തുരുത്തിയിൽ ആവശ്യപ്പെട്ടു.