കഞ്ചാവ് കൈവശം വച്ച 2 പേർ പിടിയിൽ
Mail This Article
കാലടി∙ എക്സൈസ് സംഘം വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വച്ച 2 ഇതര സംസ്ഥാനക്കാരെ പിടികൂടി. കാലടി ബസ് സ്റ്റാൻഡിന്റെ സമീപത്തു നിന്ന് 1.150 കിലോഗ്രാം കഞ്ചാവുമായി ഹനിഫ് അലിയെയും (29) മേക്കാലടി ഭാഗത്തു നിന്നു 100 ഗ്രാം കഞ്ചാവുമായി പീയൂഷ് മണ്ഡലിനെയും (50) ആണ് അറസ്റ്റ് ചെയ്തത്. ഇരുവരും ബംഗാൾ സ്വദേശികളാണ്. ഇരുവരും വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇടയിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നുവെന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാലടി ടൗണിൽ കാഞ്ഞൂർ റോഡിൽ ഒഴിഞ്ഞ സ്ഥലത്ത് വിദ്യാർഥികൾ അടക്കം ലഹരി ഉപയോഗിക്കുന്നതിന്റെ തെളിവുകളുമായി ഒരു വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് എക്സൈസ് സംഘം വ്യാപക പരിശോധന നടത്തിയത്. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ നർഗീസ് നേതൃത്വം നൽകി.