ഹോസ്റ്റലിൽ കവർച്ചയും കൈയേറ്റവും; പ്രതികളെ സാഹസികമായി പിടികൂടി

Mail This Article
കൊച്ചി ∙ എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുല്ലയ്ക്കൽ റോഡിൽ ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി 5 മൊബൈൽ ഫോണുകളും സ്വർണമാല, മോതിരം തുടങ്ങിയവയും കവർന്ന കേസിൽ നാലു പ്രതികളെ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 15ന് രാത്രി 12 ന് നടന്ന ആക്രമണത്തിനുശേഷം കടന്ന പ്രതികളെ പൊലീസ് സംഘം തൃശൂർ ഇരിങ്ങാലക്കുട ടൗണിൽ നിന്ന് സാഹസികമായി വാഹനം പിന്തുടർന്നു പിടികൂടുകയായിരുന്നു. എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സൺ ഫ്രാൻസിസ്(39), ആലുവ തായിക്കാട്ടുകര ഡിഡി ഗ്ലോബൽ മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്.
ഹോസ്റ്റലിലെ താമസക്കാരുടെ അകന്ന കൂട്ടുകാരൻ വഴി ഹോസ്റ്റലിൽ എത്തി സെജിൻ സംസാരിച്ചിരിക്കെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം പൊലീസ് സ്ക്വാഡ് ആണെന്ന വ്യാജേന ജയ്സണും കയിസും അതിക്രമിച്ചു കയറി മൊബൈലുകളും സ്വർണാഭരണങ്ങളും കവരുകയായിരുന്നു. പ്രതികൾ വന്ന കാറിനുള്ളിലെ സ്ത്രീയെ നിരീക്ഷണത്തിന് ഏൽപിച്ചായിരുന്നു കവർച്ചയും കയ്യേറ്റവും. ഊട്ടി,വയനാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ഒന്നിന് തൃശൂരിൽ എത്തിയതായുള്ള വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട പൊലീസിന്റെ സഹായത്തോടെ വാഹനം തടയുകയായിരുന്നു.