ADVERTISEMENT

ഇല്ലിത്തോട്∙ കാട്ടാനക്കൂട്ടത്തിന്റെ ശല്യം ഇല്ലിത്തോട്ടിൽ ഒഴിയുന്നില്ല. കഴിഞ്ഞ രാത്രിയിൽ അഞ്ഞൂറോളം ഏത്തവാഴകൾ കാട്ടാനകൾ നശിപ്പിച്ചു. വൈറ്റില എരൂർ സ്വദേശി പ്രശാന്ത് തച്ചമ്പുഴയും കൊരട്ടി സ്വദേശി തോമസ് വിതയത്തിലും കൃഷി ചെയ്തിരുന്ന വാഴകളാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. ഇതിൽ ഏകദേശം 150 എണ്ണം കുലച്ച വാഴകളാണ്. ബാക്കിയുള്ളവ കുലയ്ക്കാറായ വാഴകളും. വാഴകളുടെ പിണ്ടി തിന്നാനാണ് ആനകൾ അവ മറിച്ചിടുന്നത്. ഇതോടൊപ്പം വാഴക്കുലകളും ആനകളുടെ ആക്രമണത്തിൽ നശിക്കുന്നു. ഇരുവരും പെരിയാർ തീരത്ത് 5 ഏക്കർ സ്ഥലം പാട്ടെത്തിനെടുത്താണ് കൃഷി ചെയ്തിരിക്കുന്നത്. ഈ മേഖലയിൽ കാട്ടാനകളുടെ ആക്രമണം ഉണ്ടാകുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. 50 വർഷമായി ആളുകൾ ഇവിടെ കൃഷി നടത്തുന്നുണ്ട്. നേരത്തെ വനാതിർത്തിയിലെ കൃഷി സ്ഥലങ്ങളിൽ‍ കാട്ടാനകളുടെ ആക്രമണം ഉണ്ടാകാറുണ്ട്. ഇപ്പോൾ ജനവാസ മേഖലകളിലേക്കും കാട്ടാനകളുടെ ആക്രമണം വ്യാപിച്ചിരിക്കുന്നു.

4 ദിവസം മുൻപ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം കരോട്ടപ്പുറം തോമസിന്റെ എണ്ണൂറോളം ഏത്തവാഴകളും പറപ്പിള്ളി തോമസിന്റെ ഏകദേശം 750 ഏത്തവാഴകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. എല്ലാ കുലച്ചവയായിരുന്നു. തോട്ടങ്ങളിലുണ്ടായിരുന്ന ഏതാനും റബർ തൈകളും നശിപ്പിച്ചു. ഒന്നര ആഴ്ച മുൻപ് കാടപ്പാറ വള്ളിയാംകുളം തെക്കേപുത്തോട്ടിൽ കുര്യാക്കോസിന്റെയും അതിന് ഒരാഴ്ച മുൻപ് ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ പാലത്തിങ്കൽ‍ ഏലിയാസിന്റെയും വീട്ടുപറമ്പിൽ കയറിയ കാട്ടാനക്കൂട്ടം അവിടെയുണ്ടായിരുന്ന കൃഷികൾ നശിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ പൈനാപ്പിൾ ,‍ വാഴ, റബർ തോട്ടങ്ങളിലും ഈ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം നാശനഷ്ടങ്ങൾ‍ ഉണ്ടാക്കിയിരുന്നു.  നേരത്തെ രാത്രിയിലാണ് കാട്ടാനക്കൂട്ടം എത്തിയിരുന്നതെങ്കിൽ ഇപ്പോൾ‍ പകലും അവയെ പലയിടത്തും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com