നവകേരള സദസ്സ് നാളെ : നിവേദനങ്ങൾ 11 മുതൽ
Mail This Article
അങ്കമാലി ∙ അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നാളെ നടക്കുന്ന നവകേരള സദസ്സിൽ രാവിലെ 11 മുതൽ കൗണ്ടറുകളിൽ നിവേദനങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഒരു കൗണ്ടറിൽ നിന്നു ടോക്കൺ നൽകും. സ്ത്രീകൾക്കും മുതിർന്നവർക്കുമായി 7 കൗണ്ടറുകൾ വീതവും ഭിന്നശേഷിക്കാർക്കു 2 കൗണ്ടറുകളും മറ്റുള്ളവർക്കായി 9 കൗണ്ടറുകളും ഉൾപ്പെടെ സദസ്സിന്റെ തെക്കുഭാഗത്തായി 25 കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. വരുന്ന മുഴുവൻ ആളുകളുടെയും നിവേദനങ്ങളും പരാതികളും സ്വീകരിക്കും.
ഭിന്നശേഷിക്കാർക്കായി റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.15,000 പേരെ പങ്കെടുപ്പിക്കുന്ന സദസ്സ് പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് നടക്കുന്നത്. സദസ്സിൽ പങ്കെടുക്കുന്നവർക്ക് ശുദ്ധജലം, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സദസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും എത്തിച്ചേരാനായി 155 ബൂത്തുകളിലും വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്വകാര്യബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണിത്. ഓരോ ബൂത്തിൽ നിന്നും എത്തിച്ചേരുന്ന ആളുകളെ ഇറക്കിയശേഷം വാഹന പാർക്കിങ്ങിനു മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ടെൽക് ഗ്രൗണ്ട്, കിങ്ങിണി ഗ്രൗണ്ട്, ചെന്നക്കാട്ടി ഗ്രൗണ്ട് തുടങ്ങിയവ സജ്ജമാക്കി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കുന്നതിനായി കാവടി, പഞ്ചാരിമേളം, നാടൻ കലാരൂപങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.