ADVERTISEMENT

പറവൂർ ∙ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ സബ് ട്രഷറിയുടെ പ്രവർത്തനം പഴയ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലേക്ക് മാറ്റാൻ കഴിയുന്നില്ല.  5 മാസമായി നായരമ്പലം സബ് ട്രഷറിയിലാണു പറവൂർ സബ് ട്രഷറിയുടെയും പ്രവർത്തനം.  കച്ചേരി മൈതാനിയിലെ മേൽക്കൂര നിലംപൊത്തിയ പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ച് അതേ സ്ഥാനത്തു പുതിയ കെട്ടിടം നിർമിക്കാൻ ധാരണയായിട്ടുണ്ട്.  കെട്ടിട നിർമാണത്തിനു സമയമെടുക്കുന്നതിനാലാണു താൽക്കാലികമായി പഴയ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലേക്കു മാറ്റാൻ ശ്രമിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങാൻ നടപടി തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു.  അനുമതി കിട്ടിയാലേ പഴയ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ട്രഷറിക്കു വേണ്ട ക്രമീകരണങ്ങൾ നടത്താനാകൂ. കാബിനുകൾ, കംപ്യൂട്ടറുകൾ, സ്ട്രോങ് റൂം എന്നിവയൊക്കെ ഒരുക്കണം. പ്രായമായ പെൻഷൻകാർക്ക് എത്തിച്ചേരാൻ കഴിയുന്ന സ്ഥലമെന്ന നിലയിലാണു പഴയ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് പരിഗണിച്ചത്.  ഇവിടത്തെ 800 ചതുരശ്രയടിയുള്ള ഹാളും സമീപത്തെ 200 ചതുരശ്രയടി വീതമുള്ള 2 മുറികളും ഉപയോഗപ്പെടുത്താം. 

കച്ചേരി മൈതാനിയിലെ പഴയ കെട്ടിടം അപകടാവസ്ഥയിൽ ആയതിനാലാണു ജൂലൈയിൽ സബ് ട്രഷറിയുടെ പ്രവർത്തനം നായരമ്പലത്തേക്കു മാറ്റിയത്. ഏതാനും ആഴ്ച  കഴിഞ്ഞപ്പോൾ പഴയ കെട്ടിടത്തിന്റെ മേൽക്കൂര നിലംപൊത്തി.  പെൻഷൻ വാങ്ങാനും മറ്റും നഗരത്തിൽ നിന്നു 13 കിലോമീറ്റർ അകലെയുള്ള നായരമ്പലം വരെ പോകേണ്ടിവരുന്നതു ജനങ്ങളുടെ എതിർപ്പ് ശക്തമാക്കുന്നു. 

 നടപടിയെടുക്കണം: കെഎസ്എസ്പിഎ
പഴയ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കെട്ടിടം സബ് ട്രഷറിയുടെ പ്രവർത്തനത്തിന് അനുവദിക്കാമെന്ന സർട്ടിഫിക്കറ്റ് പൊതുമരാമത്ത് എൻജിനീയർ സമർപ്പിച്ചിട്ടും മന്ത്രിയുടെ മേശപ്പുറത്തു നിന്ന് അനങ്ങുന്നില്ലെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ചൂണ്ടിക്കാട്ടി. എത്രയും വേഗം  കെട്ടിടം അനുവദിക്കണം. സംസ്ഥാന കമ്മിറ്റി അംഗം കെ.വി.അനന്തൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ.സെബാസ്റ്റ്യൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.ഹാരുൺ, ജോയിന്റ് സെക്രട്ടറി പി.ഡി.ജോയ്,   പി.രാജീവ്, പി.സി.ഷെല്ലി, വി.ജി.ശശിധരൻ, എം.എ.തോമസ്, എം.യു.സന്തോഷ്, ജോസ് പുനത്തിൽ, ബൈജു തേവുരുത്തിൽ, കെ.എ.ബീന, എൻ.എസ്.ദീപ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com