ADVERTISEMENT

അങ്കമാലി ∙ അങ്കമാലി നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഇന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. അങ്കമാലിയിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ ജോസ് തെറ്റയിൽ, ജനറൽ കൺവീനർ കെ.കെ.ഷിബു എന്നിവർ അറിയിച്ചു.ഇന്ന് രാവിലെ 9 ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ കറുകുറ്റി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം പ്രഭാതയോഗത്തിൽ പങ്കെടുക്കും. കലാ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രതിനിധികളും മത, സാമുദായിക രംഗത്തു നിന്നു ക്ഷണിക്കപ്പെട്ടവരും കർഷകത്തൊഴിലാളി, തൊഴിലുറപ്പ് തൊഴിലാളി, പരമ്പരാഗത വ്യവസായ മേഖലയിൽ നിന്നുള്ള തൊഴിലാളികൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും.


നവകേരള സദസ്സിൽ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള കൗണ്ടറുകൾ
നവകേരള സദസ്സിൽ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള കൗണ്ടറുകൾ

വൈകിട്ട് 3 ന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ജില്ലയിലെ ആദ്യ നവകേരള സദസ്സ് നടക്കുന്നത്. ജില്ലയിലെ ആദ്യസദസ്സ് നടക്കുന്ന കേന്ദ്രമെന്ന നിലയിൽ വൻ മുന്നൊരുക്കമാണ് അങ്കമാലിയിൽ നടത്തിയിട്ടുള്ളത്. രാവിലെ 11 മുതൽ കൗണ്ടറുകളിൽ നിവേദനങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഒരു കൗണ്ടറിൽ ടോക്കൺ നൽകും. സ്ത്രീകൾക്കും മുതിർന്നവർക്കുമായി 7 കൗണ്ടറുകൾ വീതവും ഭിന്നശേഷിക്കാർക്കു 2 കൗണ്ടറുകളും മറ്റുള്ളവർക്കായി 9 കൗണ്ടറുകളും ഉൾപ്പെടെ സദസ്സിന്റെ തെക്കുഭാഗത്തായി 25 കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്.

വരുന്ന മുഴുവൻ ആളുകളുടെയും നിവേദനങ്ങളും പരാതികളും സ്വീകരിക്കാൻ കഴിയുന്ന വിധത്തിലാണ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർക്കായി റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.15,000 പേരെ പങ്കെടുപ്പിക്കാവുന്ന നവകേരള സദസ്സ് പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് നടക്കുന്നത്. സദസ്സിൽ പങ്കെടുക്കുന്നവർക്ക് ശുദ്ധജലം, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സദസ്സിനു മുന്നോടിയായി കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻപാട്ടും കലാപരിപാടികളും അരങ്ങേറും.

പാർക്കിങ് നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം

നവകേരള സദസ്സിൽ പങ്കെടുക്കുന്നവരുമായി എത്തുന്ന ബസുകൾ, മിനിബസുകൾ, ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്കു പ്രത്യേക പാർക്കിങ് ഇടങ്ങൾ നിശ്ചയിച്ചു.അങ്കമാലി നഗരസഭാ പ്രദേശത്തു നിന്നും കറുകുറ്റി, അയ്യമ്പുഴ, മൂക്കന്നൂർ, മഞ്ഞപ്ര പഞ്ചായത്തു കളിൽ നിന്നുമുള്ള ബസുകൾ ഇൻകെലിന്റെയും മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെയും ഉള്ളിലും പാറക്കടവ്, തുറവൂർ, മലയാറ്റൂർ - നീലീശ്വരം, കാലടി പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ അങ്കമാലി കിങ്ങിണി ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.

കറുകുറ്റി മൂക്കന്നൂർ പഞ്ചായത്തുകളിൽ നിന്നുള്ള കാർ, മിനി ബസ് തുടങ്ങിയവ സൂര്യ ഹോട്ടലിനു സമീപമുള്ള ഗ്രൗണ്ടിലും മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകളിൽ നിന്നുള്ളവ ജി.ബി. പാലസ് ഹോട്ടലിനു സമീപമുള്ള ഗ്രൗണ്ടിലും അങ്കമാലി നഗരസഭയിൽ നിന്നുള്ളവ ബസിലിക്ക പള്ളി ഗ്രൗണ്ടിലും പാറക്കടവ്, തുറവൂർ പഞ്ചായത്തുകളിൽ നിന്നുള്ളവ ഡിപോൾ സ്കൂൾ ഗ്രൗണ്ടിലും മലയാറ്റൂർ– നീലീശ്വരം, കാലടി പഞ്ചായത്തിൽ നിന്നുള്ളവ ടെൽക് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. ബൈക്കുകളും ഓട്ടോറിക്ഷകളും മുൻ സണ്ണി സിൽക്സ് കടയുടെ സമീപത്തെ ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com