പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: കോടതി മുറ്റത്ത് പ്രതികൾ തമ്മിൽ തർക്കം, നാടകീയ രംഗങ്ങൾ
Mail This Article
കൊച്ചി ∙ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരെ ആലുവ മജിസ്ട്രേട്ട് കോടതി 20 വരെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ നൽകുമെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണു രണ്ടു പേരെയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ചുവെന്ന് ഉറപ്പിക്കാൻ കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചതായി ഷാനിഫ് പൊലീസിനോടു പറഞ്ഞിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ പ്രതികളുടെ ദന്ത സാംപിളുകൾ പരിശോധനയ്‌ക്കു വിടും.
യുവതിക്കു മറ്റൊരു ബന്ധത്തിലുള്ളതാണു കുഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതത്തിനു തടസ്സമാകുമെന്നു കണ്ടാണു കുഞ്ഞിനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നുമാണ് പൊലീസിനു ലഭിച്ച മൊഴി. ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും അശ്വതിയെ കാക്കനാട് വനിത ജയിലിലേക്കുമാണു മാറ്റിയത്.
കോടതി മുറ്റത്ത് നിർത്തിയിട്ട വാഹനത്തിൽ വച്ച് പ്രതികൾ തമ്മിൽ തർക്കമുണ്ടാവുകയും പരസ്പരം മർദിക്കാൻ ശ്രമിക്കുകയും ചെയ്തു.