ADVERTISEMENT

കൊച്ചി ∙ ഇംതിയാസ് അബൂബക്കർ മനോഹരമായി നൃത്തം ചെയ്യും; ഇംതിയാസിന്റെ വിരലുകളും! വിരലുകളെ നൃത്തം ചെയ്യിക്കുന്ന ‘ഫിംഗർ ഡാൻസ്’ എന്ന കല ഭിന്നശേഷിക്കാരായ കുരുന്നുകളുടെ ഏകാഗ്രത വർധിപ്പിക്കാനും മസ്തിഷ്ക വികാസത്തിനുമായി ഉപയോഗിക്കുകയാണ് പള്ളുരുത്തി സ്വദേശിയായ ഈ മൂവി കൊറിയോഗ്രഫർ. ‘ആറു സുന്ദരിമാരുടെ കഥ’ മുതൽ ‘മധുര മനോഹര മോഹം’ വരെ 40 സിനിമകൾക്കായി നൃത്ത സംവിധാനം ചെയ്ത ഇംതിയാസ് മ്യൂസിക് ആൽബങ്ങൾ ഉൾപ്പെടെ ഇതുവരെ 98 ഗാനങ്ങൾക്കായി നൃത്തമൊരുക്കി. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ഫിംഗർ ഡാൻസ് തെറപ്പി രൂപത്തിൽ ചെയ്തു തുടങ്ങിയതു കഴിഞ്ഞ വർഷം.

കഥ പറഞ്ഞ് വിരൽ നൃത്തം

‘‘ ഭിന്നശേഷിയുള്ള ഒരു കസിനുണ്ട്, എനിക്ക്. ഞാൻ ഫിംഗർ ഡാൻസ് ചെയ്തു തുടങ്ങിയ 2010 കാലത്ത് അവൻ എന്നെ ഫിംഗർ മൂവ്മെന്റ് ചെയ്തു കാണിച്ചു. ടിവിയിൽ എന്റെ പ്രോഗ്രാം കണ്ടിട്ടാണ് അതു ചെയ്തതെന്നു പറഞ്ഞു. അതോടെ, ഞാൻ ഡോക്ടർമാരുമായി ആശയ വിനിമയം നടത്തി. അങ്ങനെയാണു തലച്ചോറിനെ ഉത്തേജിപ്പിക്കാനും ഏകാഗ്രത വർധിപ്പിക്കാനുമൊക്കെ വിരലിന്റെ ചലനങ്ങൾ സഹായിക്കുമെന്നു മനസ്സിലാക്കിയത്.

ഫിംഗർ ഡാൻസ് കഥാരൂപത്തിലാണ് അവതരിപ്പിക്കുന്നത്. സൈക്കിൾ, സ്കേറ്റിങ് ബോർഡ്, ഷൂസ്, ബോൾ തുടങ്ങിയവയുടെ ചെറു രൂപങ്ങളും ലൈറ്റുമെല്ലാം പരിശീലനത്തിനായി ഉപയോഗിക്കും. ഏറെ ഗുണകരമെന്നാണു ഡോക്ടർമാരും അധ്യാപകരും രക്ഷിതാക്കളും പറയുന്നത് ’’ – ഇംതിയാസിന്റെ വാക്കുകൾ.

10 വർഷത്തെ റിസർച്

ഫിംഗർ ഡാൻസ് ബ്രെയിൻ തെറപ്പി മൊഡ്യൂൾ രൂപപ്പെടുത്താൻ ഇംതിയാസിനു വേണ്ടി വന്നത് 10 വർഷം! കേരളത്തിലെ പല സ്പെഷൽ സ്കൂളുകളിലും ഫിംഗർ ഡാൻസ് തെറപ്പി ചെയ്യുന്നു.‘‘ 5 സ്കൂളുകളിൽ ഈ തെറപ്പി ഉപയോഗിക്കുന്നുണ്ട്. തൃശൂർ അയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് റിസർച്, മട്ടാഞ്ചേരി രക്ഷ സ്പെഷൽ സ്കൂൾ, തോപ്പുംപടി അമൃത ഡിഫറന്റ്ലി ഏബിൾഡ് സ്കൂൾ, കലൂർ സ്മൃതി സ്കൂൾ ഫോർ ചിൽഡ്രൻ വിത് സ്പെഷൽ നീഡ്സ്, ഫോർട്ട്കൊച്ചി കൊത്തലിംഗോ സ്പെഷൽ സ്കൂൾ എന്നിവിടങ്ങളിൽ. പാലാരിവട്ടം സ്നേഹനിലയം സ്പെഷൽ സ്കൂൾ, ഏരൂർ ജനി സെന്റർ ഫോർ സ്പെഷൽ എജ്യുക്കേഷൻ എന്നിവിടങ്ങളിലും ഉടൻ ആരംഭിക്കും. എല്ലാ സ്പെഷൽ സ്കൂളിലും സേവനമെത്തിക്കാനാണിപ്പോൾ ശ്രമം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com