ADVERTISEMENT

കൊച്ചി∙ റോയൽ എൻഫീൽഡിന്റെ നേതൃത്വത്തിൽ ഗോവയിൽ നടന്ന റൈഡർ മാനിയ (മോട്ടോവേഴ്സ്) എന്ന പരിപാടിയിൽ വനിതകളുടെ മോട്ടോർബൈക്ക് റേസിൽ ഒന്നാംസ്ഥാനം നേടി മലയാളി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റൈഡർമാർ പങ്കെടുത്ത മത്സരത്തിൽ ഡർട്ട് ട്രാക്ക് റേസിലാണ് എറണാകുളം സ്വദേശി മിസ്രിയ (24) കിരീടം ചൂടിയത്. ആദ്യമായാണ് ഒരു മലയാളി വനിത ഈ മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്നത്.

കതൃക്കടവിലെ റിപ്പബ്ലിക് ഓഫ് ബൈക്കേഴ്സ് എന്ന ഗാരിജിന്റെ ഭാഗമായാണ് മത്സരത്തിൽ പങ്കെടുത്തത്. 411 സിസി കാറ്റഗറിയിലുള്ള ഹിമാലയൻ ആണ് ഓടിച്ചത്. മാടവന കാട്ടിപ്പറമ്പിൽ സിദ്ദിഖ്–ബീന ദമ്പതികളുടെ മകളായ കെ.എസ്.മിസ്രിയ ഫ്രീലാൻസ് ഫൊട്ടോഗ്രഫർ കൂടിയാണ്. അതിൽ നിന്നുള്ള വരുമാനം കൊണ്ടു സ്വന്തമാക്കിയതാണ് ജാവയും ഹീറോ എക്സ്പൾസ് ബൈക്കും. റിപ്പബ്ലിക് ഓഫ് ബൈക്കേഴ്സിന്റെ ഉടമ ഫൈസൽ ബാബു ആണ് മിസ്രിയയിലെ റേസിങ് താൽപര്യം കണ്ടെത്തി പ്രോത്സാഹനം നൽകുന്നത്.

മീഡിയ അക്കാദമിയിൽ ഫോട്ടോ ജേണലിസം വിദ്യാർഥിയായ മിസ്രിയ ശനി, ഞായർ ദിവസങ്ങളിൽ ഫോർട്ടുകൊച്ചി മുണ്ടംവേലി മൗണ്ട് വാലി ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്. ‘‘റേസിങ്ങിൽ പങ്കെടുക്കുന്ന കാര്യം അറിഞ്ഞപ്പോൾ വീട്ടിൽ ആദ്യമൊക്കെ പേടിയായിരുന്നു. എന്നാൽ സമ്മാനം കിട്ടിയതോടെ എല്ലാവർക്കും സന്തോഷം. ഉപ്പയും സഹോദരൻ സഹലുമാണ് തനിക്ക് ഏറ്റവും വലിയ പിന്തുണ’’. മിസ്രിയ പറഞ്ഞു. ഷഫ്ന, പരേതനായ സുഹൈൽ എന്നിവരാണ് മിസ്രിയയുടെ മറ്റു സഹോദരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com