ADVERTISEMENT

പിറവം∙ നാളെ 4നു ഹോളികിങ്സ് പള്ളി മൈതാനത്തു നടക്കുന്ന  നവകേരള സദസ്സിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പരിപാടിക്കു വേണ്ടി  സജ്ജീകരിക്കുന്ന 45,000 ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലിന്റെ നിർമാണം ഇന്ന് ഉച്ചയോടെ പൂർത്തിയാകും. നാളെ 4.30 നാണ് പ്രധാന പരിപാടി. സദസ്സിന്റെ വരവറിയിച്ചു  ഫ്ലാഷ്മോബ്, പ്രഭാത നടത്തം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പിറവം മണ്ഡലത്തിൽ നിന്നു 50 പേർക്കാണു പ്രവേശനം.

പരാതികൾ സ്വീകരിക്കുന്നതിനു പ്രധാന വേദിയുടെ സമീപം 20 കൗണ്ടറുകൾ തുറക്കും. ഇവയിൽ 2 വീതം ഭിന്നശേഷി ഉള്ളവർക്കും വനിതകൾക്കുമായി നീക്കി വയ്ക്കും. തിരക്ക് ഉണ്ടെങ്കിൽ കൂടുതൽ  കൗണ്ടറുകൾ തുറക്കുന്നതിനു  സൗകര്യം ക്രമീകരിച്ചതായി  സംഘാടക സമിതി ഭാരവാഹികളായ ആർഡിഒ പി.എൻ.അനി, മുൻ എംഎൽഎ എം.ജെ.ജേക്കബ്, നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്, ഉപാധ്യക്ഷൻ കെ.പി.സലിം, പി.ബി. രതീഷ് എന്നിവർ അറിയിച്ചു. ഒന്നു മുതൽ പരാതികൾ സമർപ്പിക്കാം.  അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ തിരക്കു കുറയ്ക്കുന്നതിനു ടോക്കൺ സൗകര്യം ഏർപ്പെടുത്തും.2 മുതൽ കലാപരിപാടികളും സ്റ്റേജിൽ അരങ്ങേറും.

പാർക്കിങ് സൗകര്യം
മാം ഓഡിറ്റോറിയം പരിസരം, വലിയ പള്ളി മൈതാനം, പിഷാരുകോവിൽ ക്ഷേത്ര മൈതാനം, സെന്റ് ജോസഫ്സ് ഹൈസ്കൂൾ, എംകെഎം ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഹൈസ്കൂൾ,സ്നേഹഭവൻ, ഹോളികിങ്സ് സ്കൂൾ മൈതാനങ്ങൾ, ഹോളികിങ്സ് പള്ളി പാരിഷ് ഹാൾ പരിസരം എന്നിവിടങ്ങൾ പ്രയോജനപ്പെടുത്താം.

ഗതാഗത നിയന്ത്രണം
നാളെ  ഉച്ചയ്ക്കു12 മുതൽ 7 വരെ നടക്കാവ് റോഡിൽ മാമലകവല മുതൽ വലിയപള്ളി പരിസരം വരെ  ഗതാഗത നിയന്ത്രണം ഉണ്ടാകും. ഇവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. 

ഞായറാഴ്ച 4.30 ന് മൂവാറ്റുപുഴയിൽ
നവകേരള സദസ്സിനു നഗരസഭ സ്റ്റേഡിയത്തിൽ വേദികൾ സജ്ജമായി. 25000 പേർ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പഞ്ചവാദ്യം, തകിൽ മേളം, ശിങ്കാരിമേളം, കഥകളിവേഷം, മോഹിനി ആട്ടം, ഭരതനാട്യം, തെയ്യം, ഓട്ടൻതുള്ളൽ, ചാക്യാർക്കൂത്ത്, പൂക്കാവടി, ഗരുഡൻ തൂക്കം, ചവിട്ടുനാടകം എന്നീ കലാരൂപങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്കു സ്വീകരിക്കും.

പഞ്ചായത്ത്, ബൂത്ത് തല സംഘാടക സമിതി യോഗങ്ങളിലും കുടുംബ സദസ്സുകളിലും ഉയർന്നു വന്ന  വികസന വിഷയങ്ങളും, വ്യക്തികൾ സ്വന്തം നിലയിൽ നൽകുന്ന നിവേദനങ്ങളും സ്വീകരിക്കാൻ 30 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്നവർ, പൊതു വിഭാഗം എന്ന നിലയിൽ ആണ് കൗണ്ടറുകളുടെ ക്രമീകരണം നടത്തിയിട്ടുള്ളത്. 10നു ഉച്ചയ്ക്ക് ഒന്നു മുതൽ പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകാം. നവകേരള സദസ്സിന്റെ ഭാഗമായി 10 ന് പെരുമ്പാവൂർ വെങ്ങോലയിൽ നടക്കുന്ന പ്രഭാത യോഗത്തിൽ മൂവാറ്റുപുഴയിൽ നിന്ന് 65 പ്രതിനിധികളെയാണു തിരഞ്ഞെടുത്തത്. ഇന്നും നാളെയും എല്ലാ പഞ്ചായത്തുകളിലും വിളംബര ജാഥകൾ നടക്കും. 

നവകേരള സദസ്സിനായി മൂവാറ്റുപുഴ സ്റ്റേഡിയത്തിൽ തയാറാക്കിയ പന്തലുകളിൽ ഒന്ന്.
നവകേരള സദസ്സിനായി മൂവാറ്റുപുഴ സ്റ്റേഡിയത്തിൽ തയാറാക്കിയ പന്തലുകളിൽ ഒന്ന്.

നഗര റോഡ് വികസനം, മുറിക്കല്ല് ബൈപാസ്, ഒളിംപ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം , കെഎസ്ആർടിസി ഡിപ്പോ വികസനം, വാഴക്കുളം പൈനാപ്പിൾ ഫാക്ടറിയുടെ പുനരുദ്ധാരണം, തുടങ്ങിയ വിവിധ വിഷയങ്ങൾ നവകേരള സദസ്സിൽ അവതരിപ്പിക്കും. ജില്ലയിൽ പര്യടനം പൂർത്തിയാക്കി ഇടുക്കിയിലേക്കു പ്രവേശിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജില്ലാ അതിർത്തിയിൽ യാത്രയയപ്പ് നൽകുമെന്നും സംഘാടക സമിതി ചെയർമാൻ എൽദോ ഏബ്രഹാം, തഹസിൽദാർ രഞ്ജിത് ജോർജ്, പി.എം.ഇസ്മായിൽ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com