ADVERTISEMENT

കൊച്ചി ∙ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന്റെ വില ഉയർന്നതോടെ വിൽപനയിലും ഇടിവ്. സർക്കാർ സബ്സിഡി നിർത്തലാക്കിയതോടെ ഓഗസ്റ്റ് മുതൽ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന്റെ വില 10 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന്റെ വില 30 രൂപയായി വർധിച്ചു. കോർപറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധി @ കൊച്ചിയിൽ ഉച്ചയൂണിന്റെ വില 20 രൂപയായും ഉയർന്നു. ഇതോടെ മിക്ക ജനകീയ ഹോട്ടലുകളിലും ഉച്ചയൂണിന്റെ വിൽപനയിൽ 25–30% കുറവു വന്നു. വില ഉയർന്നതോടെ സമൃദ്ധി @ കൊച്ചിയിലെ ഉച്ചയൂണിന്റെ വിൽപനയിൽ പ്രതിദിനം 700– 800 എണ്ണത്തിന്റെ കുറവു വന്നു. നേരത്തേ പ്രതിദിനം 3000 ഉച്ചയൂണുകളാണു വിറ്റിരുന്നതെങ്കിൽ ഇത് 2200– 2300 ആയി കുറഞ്ഞു. മറ്റു ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിനു സമൃദ്ധിയിലേതിനേക്കാൾ 10 രൂപ കൂടി കൂടുതൽ കൊടുക്കണം. ഈ ജനകീയ ഹോട്ടലുകളിലും ഉച്ചയൂണിന്റെ വിൽപനയിൽ കുറവുണ്ടായിട്ടുണ്ട്. 

ഉച്ചയൂണിന്റെ വിൽപന കുറയുന്നതു ജനകീയ ഹോട്ടലുകൾക്കു സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കും. വിൽക്കുന്ന ഊണിന്റെ എണ്ണം കുറയുമ്പോൾ ഉൽപാദനച്ചെലവ് കൂടും. ഇതു മൂലം 30 രൂപയ്ക്ക് ഊണ് വിറ്റാൽ പോലും സാമ്പത്തിക നഷ്ടമുണ്ടാകുന്ന അവസ്ഥയിലാണു ജനകീയ ഹോട്ടൽ നടത്തിപ്പുകാർ. ഉച്ചയൂണിനൊപ്പം സബ്സിഡി ഇല്ലാതെ സ്പെഷൽ മീൻ, ഇറച്ചി വിഭവങ്ങൾ വിറ്റാണു ജനകീയ ഹോട്ടലുകൾ നഷ്ടം നികത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആളുകളുടെ കയ്യിലും പണം കുറവായതിനാൽ സ്പെഷൽ വിഭവങ്ങൾ വാങ്ങുന്നതു പലരും കുറച്ചിരിക്കുകയാണെന്നു ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. ജോലിക്കാരായ മിക്കവരും കുറഞ്ഞ ചെലവിലുള്ള ഉച്ചയൂണിനു വേണ്ടിയാണു ജനകീയ ഹോട്ടലുകളെ ആശ്രയിക്കുന്നത്. സർക്കാരിൽ നിന്നു സബ്സിഡി കുടിശികയിൽ ഒരു പങ്ക് ലഭിച്ചെങ്കിലും ഇപ്പോഴും കുടിശിക ബാക്കിയുള്ള ജനകീയ ഹോട്ടലുകളുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com