ADVERTISEMENT

കോതമംഗലം ∙ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കാണിച്ചു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢ പദ്ധതികൾ കേന്ദ്രം ആസൂത്രണം ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന കേന്ദ്രം പ്രത്യേക രീതിയിൽ ഇടപെടാൻ ശ്രമിക്കുകയാണ്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അവരുടെ നീക്കം. കോതമംഗലത്തു നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രത്തിന്റെ തെറ്റായ ഇടപെടൽ കാരണം 1.07 ലക്ഷം കോടി രൂപയാണു കഴിഞ്ഞ 7 വർഷത്തിനിടയിൽ സംസ്ഥാന സർക്കാരിനു നഷ്ടപ്പെട്ടത്. സാമ്പത്തികമായി ഞെരുക്കി സംസ്ഥാനത്തിന്റെ വികസനം തടയാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പല പദ്ധതികളിലും ഭീമമായ തുകയാണു കുടിശികയായി കേന്ദ്രത്തിൽ നിന്നു കിട്ടാനുള്ളത്. സംസ്ഥാനത്തിനു ലഭിക്കേണ്ട പല വിഹിതങ്ങളും വെട്ടിക്കുറച്ചു. ഇതിനു പുറമേ കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ വായ്പ പരിധിയും കേന്ദ്രം വെട്ടിക്കുറച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നരേന്ദ്രമോദി അയോധ്യയിൽ പൂജ നടത്തുമ്പോൾ മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥ് വീട്ടിൽ പൂജ നടത്തുകയാണ്. രാമക്ഷേത്രം സ്ഥാപിക്കാൻ കാരണം ബിജെപിയല്ല, രാജീവ് ഗാന്ധിയാണെന്നാണു കോൺഗ്രസ് ഇപ്പോൾ പറയുന്നത്. വർഗീയതയോടു വിട്ടുവീഴ്ച ചെയ്തു ബിജെപിയെ നേരിടാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോതമംഗലത്തെ നവകേരള സദസ്സിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, വീണ ജോർജ്, തഹസിൽദാർ റേച്ചൽ കെ. വർഗീസ്, കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ. ടോമി എന്നിവർ പ്രസംഗിച്ചു. സിപിഐ മന്ത്രിമാരും മന്ത്രി എ.കെ. ശശീന്ദ്രനും ഒഴികെയുള്ള മന്ത്രിമാർ സദസ്സിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com