ADVERTISEMENT

കൊച്ചി ∙ ഷൂ ഏറിനും കരിങ്കൊടി പ്രതിഷേധത്തിനുമിടെ നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ് ഇടുക്കി ജില്ലയിലേക്കു പ്രവേശിച്ചു. ഇടുക്കി ജില്ലയിൽ ആദ്യ സദസ്സ് തൊടുപുഴ മണ്ഡലത്തിൽ ഇന്നലെ നടന്നു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ ഉച്ചയ്ക്കു പെരുമ്പാവൂരിൽ നവകേരള സദസ്സ് പുനരാരംഭിച്ചത്. യാത്രയിൽ എല്ലാ ദിവസവും പതിവുള്ള പൗരപ്രമുഖരുമൊത്തുള്ള പ്രഭാതയോഗം ഇന്നലെയുണ്ടായില്ല. 

കാനത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷമാണു മുഖ്യമന്ത്രി പെരുമ്പാവൂരിലെ സദസ്സിനെത്തിയത്. കാനത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ സിപിഐ മന്ത്രിമാർ ഇന്നലെ നടന്ന സദസ്സുകളിൽ പങ്കെടുത്തില്ല. ആരോഗ്യ കാരണങ്ങളാൽ മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തില്ല. പെരുമ്പാവൂരിനു പുറമേ ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ നവകേരള സദസ്സുകളും ഇന്നലെ നടന്നു. മൂവാറ്റുപുഴയിലെ നവകേരള സദസ്സിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തൊടുപുഴയിലേക്കു പുറപ്പെട്ടപ്പോൾ ജില്ലാ അതിർത്തിയായ അച്ചൻകവല വരെ വൻ ജനാവലി അനുഗമിച്ചു.

അച്ചൻകവലയിൽ നിന്ന് തൊടുപുഴ മണ്ഡലത്തിൽ നിന്നുള്ളവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചു. ജില്ലയിലെ നാലു മണ്ഡലങ്ങളിൽ നവകേരള സദസ്സുകൾ പൂർത്തിയാക്കാതെയാണു നവകേരള യാത്ര ഇടുക്കിയിലേക്കു പ്രവേശിപ്പിച്ചത്. ശനിയാഴ്ച നടക്കാനിരുന്ന തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ്സുകൾ കാനത്തിന്റെ നിര്യാണത്തെ തുടർന്നു മാറ്റിവച്ചിരുന്നു. ഈ മണ്ഡലങ്ങളിൽ ജനങ്ങളിൽ നിന്നു നിവേദനങ്ങളും സ്വീകരിച്ചിട്ടില്ല. ഇവിടെ നവകേരള സദസ്സുകൾ ഇനിയെന്നു നടക്കുമെന്നു തീരുമാനിച്ചിട്ടില്ല.

യുഡിഎഫ് എംപിമാരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
സംസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ യുഡിഎഫിന്റെ 18 എംപിമാർ പാർലമെന്റിൽ ഒന്നും ചെയ്യുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിജെപിക്കു നീരസമുണ്ടാക്കുന്ന കാര്യങ്ങളൊന്നും ചെയ്യാൻ അവർ തയാറല്ലെന്നും കോതമംഗലത്തു നടന്ന നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തു മതനിരപേക്ഷത വെല്ലുവിളി നേരിടുമ്പോൾ പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം മുഴങ്ങാത്തത് ഇടതുപക്ഷ എംപിമാർ കുറവായതു കൊണ്ടാണ്. വർഗീയതയുമായി സമരസപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ സമീപനമാണു യു‍ഡിഎഫ് എംപിമാർക്കുമുള്ളത്.

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനത്തിൽ ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കാണിച്ചു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢപദ്ധതികൾ കേന്ദ്രം ആസൂത്രണം ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ തെറ്റായ ഇടപെടൽ മൂലം 1.07 ലക്ഷം കോടി രൂപയാണു കഴിഞ്ഞ 7 വർഷത്തിനിടയിൽ സംസ്ഥാന സർക്കാരിനു നഷ്ടപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു സംസ്ഥാനത്തിന്റെ വികസനം തടയുകയാണു കേന്ദ്ര ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com