പഴന്തോട്ടത്തിനു സമീപമുള്ള റോഡ് തകർന്നിട്ട് 2 വർഷം; കാണാതെ പോകുന്നത് എന്തുകൊണ്ട്?
Mail This Article
കോലഞ്ചേരി ∙ ആലുവ റൂട്ടിൽ പഴന്തോട്ടത്തിനു സമീപം 20 മീറ്റർ ദൂരത്തിൽ റോഡ് തകർന്നിട്ട് 2 വർഷം.10 മീറ്റർ വീതം ദൂരത്തിൽ 2 സ്ഥലത്താണ് റോഡ് തകർന്നു കിടക്കുന്നത്. 26 കിലോമീറ്റർ ദൂരം വരുന്ന ഈ റൂട്ടിൽ പഴന്തോട്ടം ഭാഗത്തെ കുഴികളാണ് ഏറെ അപകടകരം. ഇരുചക്ര വാഹനങ്ങൾ ഈ കുഴികളിൽ വീണ് യാത്രക്കാർക്കു പരുക്കേൽക്കുന്നുണ്ട്. വലിയ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു.
വില്ലകൾക്ക് അടുത്താണ് റോഡ് തകർന്നു കിടക്കുന്നത്. മഴ വെള്ളം കെട്ടിക്കിടക്കുന്നതാണ് റോഡ് പൊളിയാൻ കാരണം. കാനകൾ ഉണ്ടെങ്കിലും മണ്ണു നിറഞ്ഞു കിടക്കുന്നു. അര കിലോമീറ്റർ അകലെ പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ഭാഗത്തെ വെള്ളം ഒഴുകി ഈ റോഡിലേക്ക് എത്തുന്നു.പിറവം, രാമമംഗലം, കോലഞ്ചേരി, പുത്തൻകുരിശ് ഭാഗത്തു നിന്ന് പള്ളിക്കര, കിഴക്കമ്പലം,
പഴങ്ങനാട്, പൂക്കാട്ടുപടി, എടത്തല, ചൂണ്ടി ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ഈ വഴിയാണ് സഞ്ചരിക്കുന്നത്. വീഗാലാൻഡ്, ജില്ലാ ആസ്ഥാനം, രാജഗിരി ആശുപത്രി, യുസി കോളജ്, ഭാരതമാതാ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കു എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴി കൂടിയാണിത്. കോലഞ്ചേരിയിൽ നിന്നു ആലുവയിലേക്കുള്ള പ്രൈവറ്റ് ബസ് റൂട്ടാണിത്. കേവലം 20 മീറ്റർ റീടാറിങ് നടത്തിയാൽ വലിയ അപകടങ്ങൾ ഒഴിവാക്കാനാകും.