ADVERTISEMENT

തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഭക്തജന സഹസ്രങ്ങളാൽ നഗരവും ക്ഷേത്ര പരിസരവും നിറഞ്ഞു.  ശീവേലിയോടെ ഉത്സവത്തിന്റെ മേളപ്പെരുക്കം തുടങ്ങി. തിരുവല്ല രാധാകൃഷ്ണ മാരാരുടെ പ്രമാണത്തിൽ നടന്ന പഞ്ചാരിമേളം ആസ്വദിക്കാൻ ഒട്ടേറെ മേളപ്രേമികളാണ് ഇന്നലെ എത്തിയത്. കലാമണ്ഡലം നിഖിൽ മലയാലപ്പുഴ, തകഴി ആദർശ്, കലാമണ്ഡലം കവിത ഗീതാനന്ദൻ എന്നിവരുടെ ഓട്ടൻതുള്ളൽ, അക്ഷരശ്ലോക സദസ്സ്, സംഗീതക്കച്ചേരി, ഭജന, നാഗസ്വരം,

തൃപ്പൂണിത്തുറ ലയതരംഗ് സ്കൂൾ ഓഫ് മ്യൂസിക്കിന്റെ തബല സോളോ, സന്ധ്യക്കളികൾ, വെച്ചൂർ രമ ദേവിയുടെ കുറത്തിയാട്ടം, ചാക്യാർക്കൂത്ത്, പനമണ്ണ ശശിയുടെ തായമ്പക, വിളക്കിനെഴുന്നള്ളിപ്പ് , ഡോ. എൻ.ജെ. നന്ദിനിയുടെ സംഗീതക്കച്ചേരി, ഉഷ ചിത്രലേഖ, കീചകവധം കഥകളി തുടങ്ങിയവ ക്ഷേത്രാങ്കണത്തിലും ഊട്ടുപുരയിലുമായി അരങ്ങേറി.

തൃക്കേട്ട പുറപ്പാട്  നാളെ 
തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശൻ സ്വർണക്കോലത്തിൽ എഴുന്നള്ളി സ്വർണക്കുടത്തിൽ കാണിക്ക സ്വീകരിക്കുന്ന വൃശ്ചികോത്സവത്തിന്റെ തൃക്കേട്ട പുറപ്പാട് നാളെ. വില്വമംഗലം സ്വാമിയാർ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ആനകൾക്ക് പുറത്ത് ഓടിക്കളിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ഭഗവാൻ ദർശനം നൽകുകയായിരുന്നു. തുടർന്ന് എഴുന്നള്ളിപ്പിനു മുന്നിൽ വില്വമംഗലം സ്വാമിയാർ കാണിക്ക സമർപ്പിച്ച് മടങ്ങിയതിന്റെ ഐതിഹ്യത്തിലാണ് തൃക്കേട്ട പുറപ്പാടും കാണിക്ക സമർപ്പണവും നടക്കുന്നത്. 

നാളെ വൈകിട്ട് 7 മുതൽ വിളക്ക് എഴുന്നള്ളിപ്പ് ആരംഭിച്ച ശേഷം 8നു ദേവസ്വം അധികൃതർ സ്വർണക്കുടം സ്ഥാപിക്കും. ആദ്യ കാണിക്ക സമർപ്പണം രാജഭരണകാലത്തെ അനുസ്മരിച്ച് കൊച്ചി രാജകുടുംബത്തിലെ മുതിർന്ന അംഗം നിർവഹിക്കും. തൃക്കേട്ട പുറപ്പാട് മുതൽ ഭഗവാന്റെ കോലം വഹിക്കുന്ന ഗജരാജന് ആനച്ചമയങ്ങൾ സ്വർണം കൊണ്ടുള്ളതാണ്. കാണിക്ക സമർപ്പണം രാത്രി 11.30വരെ നീളും. ഇത്തവണ ഉത്സവത്തിന്റെ തൃക്കേട്ട പുറപ്പാട് മുതൽ ആറാട്ട് വരെ ശ്രീപൂർണത്രയീശന് അകമ്പടിയായി വാളും പരിചയും വെള്ളിവടിയും ഉണ്ടാകും.

മുൻപ് മുടങ്ങിപ്പോയ ഈ പതിവ് ഇത്തവണ പുനരാരംഭിക്കും. പരിച കാലപ്പഴക്കം കാരണം ഉപയോഗശൂന്യമായതോടെ പുതിയ പരിച രാജകുടുംബത്തിനു വേണ്ടി പ്രശാന്ത് വർമ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.  സ്വർണത്തിന്റെ ശംഖും ചക്രവും പതിപ്പിച്ച പിച്ചള കൊണ്ടുള്ളതാണ് പരിച.

വൃശ്ചികോത്സവത്തിൽ ഇന്ന്
ശീവേലി, പഴുവിൽ രഘു മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം –7.30, ഓട്ടൻതുള്ളൽ കലാമണ്ഡലം മഹേന്ദ്രൻ, കലാമണ്ഡലം ബിന്ദു, വെച്ചൂർ രമ ദേവി –11.00, അക്ഷരശ്ലോകസദസ്സ് –1.00, ഉത്സവബലി–2.00, കലാമണ്ഡലം അനിലിന്റെ സംഗീതക്കച്ചേരി –3.00, ഭജൻസ് –4.00, നാഗസ്വരം, ശിവേജ് കൃഷ്ണദേവിന്റെ സംഗീതക്കച്ചേരി – 5.00, ഭജന– 6.00, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ ഇരട്ട തായമ്പക, സന്ധ്യക്കളികൾ, ചാക്യാർക്കൂത്ത്, ആർഎൽവി കോളജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഭാവയാമി (രാമായണം – നൃത്ത ഡ്രാമ) –7.00, വിളക്കെഴുന്നള്ളിപ്പ് –8.30, സംഗീതക്കച്ചേരി –9.00, കഥകളി – കാലകേയവധം, രാവണോദ്ഭവം –12.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com