ADVERTISEMENT

കാക്കനാട്∙ പൊതു ടാപ്പുകളുടെ പേരിൽ തൃക്കാക്കര നഗരസഭയുടെ ഫണ്ട് ജല അതോറിറ്റി ഊറ്റുന്നതായി ആക്ഷേപം. നഗരസഭാതിർത്തിയിൽ 411 പൊതു ടാപ്പുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വർഷങ്ങളായി നഗരസഭയ്ക്ക് ജല അതോറിറ്റി ബിൽ നൽകുന്നത്. എന്നാൽ 145 പൊതു ടാപ്പുകളേയുള്ളൂവെന്ന നിലപാടിലാണ് നഗരസഭ. ജല അതോറിറ്റി ഇത് അംഗീകരിക്കുന്നില്ല. 75.83 ലക്ഷം രൂപ നഗരസഭ കുടിശിക അടക്കണമെന്നാണ് ജല അതോറിറ്റിയുടെ വാദം. ഇതിനു നോട്ടിസും നൽകിയിട്ടുണ്ട്. കണക്ക് ബോധ്യപ്പെടാതെ പണം നൽകില്ലെന്ന് ആവർത്തിക്കുന്ന നഗരസഭ സംയുക്ത പരിശോധന നടത്താൻ ജല അതോറിറ്റിക്ക് കത്തു നൽകി. 

നഗരസഭയിലെയും ജല അതോറിറ്റിയിലെയും ഉദ്യോഗസ്ഥർ ഒരുമിച്ച് എല്ലാ വാർഡുകളിലും പരിശോധന നടത്തണമെന്നാണ് നിർദേശം. കൗൺസിലർമാർ വാർഡുകളിൽ നിന്നു നൽകിയ റിപ്പോർട്ട് പ്രകാരമാണ് 145 ടാപ്പുകളെന്ന് നിജപ്പെടുത്തിയിരിക്കുന്നത്. ‌ഒരു ടാപ്പിന് പ്രതിവർഷം 21,838 രൂപ വീതം 411 ടാപ്പുകൾക്കാണ് വർഷങ്ങളായി ജല അതോറിറ്റി പണം വാങ്ങുന്നത്. ഉപയോഗിക്കാത്ത വെള്ളത്തിന് ചാർജ് കൊടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി 75.83 ലക്ഷം രൂപയുടെ ജല അതോറിറ്റി ബിൽ നഗരസഭ തടഞ്ഞു വച്ചിരിക്കുകയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് ജല അതോറിറ്റി നൽകിയിട്ടുള്ള ബില്ലും സൂക്ഷ്മ പരിശോധന നടത്തുന്നുണ്ട്.

വൈദ്യുതി ബില്ലും അശാസ്ത്രീയം
തൃക്കാക്കരയിലെ വഴി വിളക്കുകളുടെ പേരിൽ കെഎസ്ഇബിക്ക് അടയ്ക്കുന്ന ബില്ലും കൂടുതലാണെന്ന ആക്ഷേപം നഗരസഭയ്ക്കുണ്ട്. പഴയ മാതൃകയിലുള്ള വഴി വിളക്കുകൾക്ക് കൂടുതൽ വൈദ്യുതി വേണ്ടി വരും. ഇതനുസരിച്ചുള്ള തുകയാണ് നഗരസഭ കെഎസ്ഇബിക്ക് നൽകുന്നത്. എന്നാൽ ഭൂരിഭാഗം വഴി വിളക്കുകളും എൽഇഡി വിഭാഗത്തിലേക്ക് മാറിയതോടെ ഉപയോഗിക്കുന്ന യൂണിറ്റ് കുറഞ്ഞിട്ടുണ്ട്. എൽഇഡി വഴി വിളക്കുകളോടനുബന്ധിച്ച് ആധുനിക മീറ്റർ സ്ഥാപിക്കാൻ കെഎസ്ഇബിയോട് നഗരസഭ ആവശ്യപ്പെട്ടു. ഇതിനുള്ള തുക നഗരസഭ അടച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com