ADVERTISEMENT

കൊച്ചി ∙ ഫ്ലാറ്റ് നിർമിച്ചു നൽകാമെന്നു പറഞ്ഞ് ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണിയിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ 25 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതികൾക്ക് രണ്ടു വർഷം വീതം തടവും 20 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ജോസ് ബ്രദേഴ്‌സ് ആൻഡ് ജോസഫ് വാളക്കുഴി കൺസ്ട്രക്‌ഷൻസ് ഉടമകളായ കെ.ജെ. തോമസ്, ജോസഫ് വാളക്കുഴി (ഔസേപ്പച്ചൻ) എന്നിവർക്കാണു എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (എട്ട്) ശിക്ഷ വിധിച്ചത്. പ്രതികൾ പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

പിഴത്തുക കെട്ടിവച്ചാൽ ആ തുക കിരീടം ഉണ്ണിക്ക് നഷ്ടപരിഹാരമായി നൽകാനും വിധിയിൽ പറയുന്നു.പ്രതികൾ എളംകുളം വില്ലേജിൽ നിർമിക്കുന്ന ഗീത് മിനി കാസിൽ എന്ന ഫ്ലാറ്റ് സമുച്ചയത്തിൽ 15.67 ലക്ഷം രൂപയ്ക്ക് മൂന്നു ബെഡ്റൂമോടു കൂടിയ ഫ്ലാറ്റ് നൽകാമെന്ന് കിരീടം ഉണ്ണിയുമായി 1996 മേയ് 30ന് കരാറുണ്ടാക്കിയെന്നു കേസിൽ പറയുന്നു. തുടർന്ന് പരാതിക്കാരൻ വിവിധ ഗഡുക്കളായി ഏഴു ലക്ഷം രൂപയും നൽകി. 1997 ഡിസംബർ 31ന് ഫ്ലാറ്റിന്റെ നിർമാണം പൂർത്തിയാകുമെന്നും തുടർന്ന്15 ദിവസത്തിനകം നൽകുമെന്നുമായിരുന്നു കരാർ..

എന്നാൽ പണി ഇടയ്ക്ക് മുടങ്ങി. ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് പണി മുടങ്ങിയതെന്നും സ്റ്റേ നീങ്ങുന്ന മുറയ്ക്ക് പണി പുനരാരംഭിക്കുമെന്നും പ്രതികൾ അറിയിച്ചു. എന്നാൽ ഹർജിക്കാരനെ അറിയിക്കാതെ ഇവർ ഫ്ലാറ്റ് സമുച്ചയം ബെട്രോൺ ബിൽഡേഴ്‌സിനു വിറ്റു. തുടർന്നു പരാതിക്കാരൻ ബെട്രോൺ ബിൽഡേഴ്‌സിനെ ബന്ധപ്പെട്ടെങ്കിലും 44 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുടർന്നു നൽകിയ പരാതിയിൽ 25 വർഷത്തെ നിയമപോരാട്ടം പരാതിക്കാരനു നടത്തേണ്ടി വന്നെന്നു കോടതി വിധിയിൽ പറയുന്നു. ക്രിമിനൽ വിശ്വാസവഞ്ചന കുറ്റത്തിനാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com