ADVERTISEMENT

പെരുമ്പാവൂർ ∙ കർഷകർക്ക് ആശ്വാസമായി പെരിയാർവാലി  കനാലിൽ നീരൊഴുക്ക് ആരംഭിച്ചു. ഭൂതത്താൻകെട്ടിൽ സംഭരിക്കുന്ന വെളളമാണ് ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള പെരുമ്പാവൂർ,ആലുവ ഡിവിഷനുകൾക്കു കീഴിലുള്ള  പെരിയാർവാലി  മെയിൻ,ഹൈലെവൽ, ലോലെവൽ  കനാലുകളിലൂടെ ഒഴുക്കുന്നത്. 

വേനൽക്കാലം തുടങ്ങുന്നതോടെ പെരുമ്പാവൂർ, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളുടെ ജലസ്രോതസ്സാണ് പെരിയാർവാലി കനാലുകൾ. കൃഷി ചെയ്യാനും കിണറുകളിൽ ഉറവയുണ്ടാകാനും കനാലുകളിൽ വെള്ളമെത്തണം. വാട്ടർ അതോറിറ്റി പമ്പ് ഹൗസുകളുടെ ഉറവയും കനാലുകളാണ്.

അശമന്നൂർ, വേങ്ങൂർ, മുടക്കുഴ, രായമംഗലം, വെങ്ങോല പഞ്ചായത്തുകളിലൂടെയാണ് മെയിൽ,ലോലെവൽ, ഹൈലെവൽ കനാലുകൾ കടന്നു പോകുന്നത്. മറ്റു പഞ്ചായത്തുകളിൽ ഉപ കനാലുകൾ വഴിയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വഴിയും വെള്ളം എത്തിക്കുന്നു.  അറ്റകുറ്റപ്പണികൾക്കും ശുചീകരണത്തിനുമായി 6 മാസമായി നീരൊഴുക്ക് നിർത്തിയിരിക്കുകയായിരുന്നു. 

കാലവർഷം അവസാനിച്ചതോടെ വരൾച്ച തുടങ്ങി.  പെരിയാർവാലി കനാലിലൂടെയുള്ള ജലത്തെ ആശ്രയിച്ചു കൃഷി ചെയ്യുന്ന കൃഷിയിടങ്ങൾ ഉണങ്ങിത്തുടങ്ങി. പെരിയാർവാലി കനാൽ തീരത്തുള്ള വാട്ടർ അതോറിറ്റി പമ്പിങ് കേന്ദ്രങ്ങളെയും വരൾച്ച ബാധിച്ചു.

കാലവർഷം ശക്തമായപ്പോൾ പല ഇടങ്ങളിലും കനാലിന്റെ വശങ്ങൾ ഇടിഞ്ഞിരുന്നു. കനാലിന്റെ ശുചീകരണ ജോലികൾ ഭൂരിഭാഗവും പൂർത്തിയായി. തൊഴിലുറപ്പ് തൊഴിലാളികൾ ആണു ശുചീകരണം നടത്തിയത്.ജില്ലയിലെ 32800 ഹെക്ടർ സ്ഥലത്തെ കൃഷിയും ആയിരക്കണക്കിനു  കിണറുകളും  പെരിയാർവാലി കനാലിലെ വെള്ളത്തെ ആശ്രയിക്കുന്നു. ഭൂതത്താൻ കെട്ടിൽ നിന്നും ആരംഭിക്കുന്ന പ്രധാന കനാലുകളും ഉപകനാലുകളും അടക്കം മൊത്തം 737.8 കിലോ മീറ്റർ ദൂരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com