ADVERTISEMENT

കൊച്ചി ∙ വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ നടപ്പാക്കിയ സിസിടിവി സർവൈലൻസ് സംവിധാനം പണിമുടക്കി. കെഎസ്ഇബി വൈദ്യുതി വിഛേദിച്ചതോടെയാണു 4 സെക്‌ഷനുകളിലെ സിസിടിവികളുടെ പ്രവർത്തനം രണ്ടാഴ്ചയിലേറെയായി തടസ്സപ്പെട്ടത്. കരാർ കമ്പനി ഇന്നലെ ഓൺലൈനായി വൈദ്യുതി ബിൽ അടച്ചിട്ടുണ്ടെന്നും ഉടൻ തന്നെ സിസിടിവി പ്രവർത്തന സജ്ജമാകുമെന്നും കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) അധികൃതർ അറിയിച്ചു. 140 ഇടങ്ങളിലായി 450 സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്. 120 ഇടങ്ങളിലായി 311 ക്യാമറകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സിഎസ്എംഎലിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായാണ് (ഐസി 4) ഈ സിസിടിവി ക്യാമറകൾ ബന്ധിപ്പിച്ചിട്ടുള്ളത്. മുഴുവൻ സിസിടിവികളും സ്ഥാപിച്ചു പൂർണ പ്രവർത്തന സജ്ജമാക്കിയ ശേഷം പദ്ധതി സിറ്റി പൊലീസിനു കൈമാറും.ഈ സിസിടിവികൾ പകർത്തുന്ന രാത്രി ദൃശ്യങ്ങൾക്ക് വ്യക്തതയില്ലെന്ന പരാതി പൊലീസ് നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. 3 വർഷം മുൻപു നടപ്പാക്കിയ പദ്ധതി നഗരത്തിലെ ക്രമസമാധാനപാലനത്തിൽ പൊലീസിനെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. 

എന്നാൽ നിലവിൽ ഈ സിസിടിവികൾ പൊലീസ് കൺട്രോൾ റൂമുമായി നേരിട്ടു ബന്ധിപ്പിച്ചിട്ടില്ല. ആവശ്യമുള്ള സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുകയാണു ചെയ്യുന്നത്.സിഎസ്എംഎൽ നടപ്പാക്കുന്നതാണെങ്കിലും പൊതു മേഖല കമ്പനിക്കാണു പദ്ധതിയുടെ നടത്തിപ്പു ചുമതല. കരാർ കമ്പനി വരുത്തിയ വീഴ്ചയാണു ഫോർട്ട്കൊച്ചി സെക്‌ഷൻ ഉൾപ്പെടെയുള്ള ചില മേഖലകളിൽ സിസിടിവി പ്രവർത്തനം തടസ്സപ്പെടാൻ ഇടയാക്കിയതെന്നാണു സിഎസ്എംഎലിന്റെ   വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com