ADVERTISEMENT

തൃപൂണിത്തുറ ∙ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ വലഞ്ഞ് മുക്കോട്ടിൽ ടെംപിൾ റോഡ്, ഇരുമ്പ് പാലം, ഗാന്ധി സ്ക്വയർ പ്രദേശവാസികൾ. വൈറ്റില സെക്‌ഷനു കീഴിലാണ് ഈ പ്രദേശങ്ങൾ. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെയാണ് വൈദ്യുതിയുടെ ഒളിച്ചുകളി. അരമണിക്കൂർ ഇടവിട്ട് വൈദ്യുതി പോകുന്നു. വോൾട്ടേജ് ക്ഷാമവും രൂക്ഷം. പകൽ നേരത്തും വൈദ്യുതി തടസ്സം പതിവായതോടെ ഓഫിസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയാണ്. സേവനങ്ങളെല്ലാം കംപ്യൂട്ടർ വഴിയാക്കിയതോടെ വൈദ്യുതി തടസ്സം സർക്കാർ ഓഫിസുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഏറെ ബാധിക്കുന്നു. അക്ഷയ സെന്ററുകൾ, കംപ്യൂട്ടർ സ്ഥാപനങ്ങൾ, ഓട്ടോ മൊബൈൽ ഷോപ്പുകൾ തുടങ്ങി വ്യാപാര മേഖലയെയും ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സം ബാധിച്ചു. കൂൾ ബാറുകളിലും ബേക്കറികളിലും പാൽ തൈര് എന്നിവ പെട്ടെന്നു കേടായി നഷ്ടം സംഭവിക്കുന്നു. വൈദ്യുതി മുടക്കം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പൂണിത്തുറ മുക്കോട്ടിൽ ടെംപിൾ റോഡ് റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അമിത ഉപഭോഗം കാരണം ട്രാൻസ്ഫോമറുകൾക്ക് ലോഡ് താങ്ങാൻ പറ്റാത്തതാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമെന്ന് കെഎസ്ഇബി വൈറ്റില സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ പറയുന്നു. പല ട്രാൻസ്ഫോമറുകളും മാറ്റി വയ്ക്കേണ്ട അവസ്ഥയാണ്. വീടുകളിലെ യഥാർഥ കണക്ടഡ് ലോഡ് സെക്‌ഷൻ ഓഫിസിൽ എഴുതി നൽകാൻ നിർദേശം നൽകിയിട്ട് ചുരുക്കം ഉപയോക്താക്കൾ മാത്രമാണ് നൽകിയത്. കണക്ടഡ് ലോഡ് കൃത്യമായി കിട്ടിയാൽ മാത്രമേ പുതിയ ട്രാൻസ്ഫോമർ വയ്ക്കാൻ പറ്റുകയുള്ളൂവെന്നും എഇ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com