ADVERTISEMENT

കൊച്ചി ∙ നഗരവാസികൾ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയാണു കോർപറേഷൻ ആരംഭിച്ച ‘മൊബൈൽ ഭക്ഷ്യ പരിശോധന ലാബിന്റെ’ ലക്ഷ്യം. സംസ്ഥാനത്ത് ഒരു തദ്ദേശ സ്ഥാപനം സ്വന്തം നിലയിൽ ആദ്യമായാണു ഭക്ഷ്യ പരിശോധന ലാബ് ആരംഭിക്കുന്നത്. ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആർ ധനസഹായത്തോടെ 40 ലക്ഷം രൂപ ചെലവിലാണു  ലാബ് സജ്ജമാക്കിയിട്ടുള്ളത്. സ്വകാര്യ മേഖലയിലെ പ്രമുഖ ലാബായ നിയോജൻ ഫുഡ് ആൻഡ് അനിമൽ സെക്യൂരിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെയാണു ലാബ് പ്രവർത്തിക്കുക. കൊച്ചിക്കാരിൽ ഏറെപ്പേരും പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നവരാണെന്നും കഴിക്കുന്ന ഭക്ഷണം അപകടമില്ലാത്തതാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. പാൽ, ചായപ്പൊടി, വെളിച്ചെണ്ണ, ശർക്കര, വെള്ളം എന്നിവയുൾപ്പെടെയുള്ള പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷ്യ വസ്തുക്കൾ മൊബൈൽ ലാബിൽ പരിശോധിക്കാം. ഭക്ഷണവുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കാൻ അധികാരമുള്ള ഭക്ഷ്യസുരക്ഷ വകുപ്പുമായി സഹകരിച്ചാണു ലാബ് പ്രവർത്തിക്കുക. ലാബിന് ആവശ്യമായ ജീവനക്കാരെ കോർപറേഷൻ നിയമിക്കും.

ലാബിൽ ചെയ്യുന്നപരിശോധനകൾ
∙പാലിൽ വെള്ളം ചേർത്തിട്ടുണ്ടോയെന്നു കണ്ടെത്താം.
∙പാലിന്റെ കട്ടി കൂട്ടാനായി അന്നജം (സ്റ്റാർച്ച്), യൂറിയ എന്നിവയും കേടാകാതിരിക്കാനായി ഹൈഡ്രജൻ പെറോക്സൈഡും ചേർത്തിട്ടുണ്ടോയെന്നു പരിശോധിക്കാം.
∙പാലിൽ സോഡിയം ഹൈഡ്രോക്സൈഡ്, സോഡിയം ബൈകാർബണേറ്റ് തുടങ്ങിയവ ചേർത്തിട്ടുണ്ടോയെന്നു കണ്ടെത്താം.
∙കാൻസറിനു കാരണമാകുന്ന രാസവസ്തുവായ അഫ്ലടോക്സിന്റെ സാന്നിധ്യം പാലിലുണ്ടോയെന്നു പരിശോധിക്കാം.
∙വെളിച്ചെണ്ണയിൽ മറ്റേതെങ്കിലും എണ്ണകൾ കലർത്തിയിട്ടുണ്ടോയെന്നു കണ്ടെത്താം.
∙ചായപ്പൊടിയിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടോയെന്നു കണ്ടെത്താം.
∙ശർക്കരയ്ക്കു നിറം ലഭിക്കാനായി മെറ്റാനിൽ യെല്ലോ എന്ന രാസവസ്തു ചേർത്തിട്ടുണ്ടോയെന്നു കണ്ടെത്താം.
∙വെള്ളത്തിന്റെ പിഎച്ച് മൂല്യം പരിശോധിക്കാം

മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
കൊച്ചി ∙  മൊബൈൽ ഭക്ഷ്യ പരിശോധന ലാബിന്റെ ഉദ്ഘാടനവും കടവന്ത്ര കസ്തൂർബാ നഗറിൽ സജ്ജമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഫുഡ് സ്ട്രീറ്റിന്റെ തറക്കല്ലിടൽ കർമവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ, ഭക്ഷ്യസുരക്ഷ കമ്മിഷണർ ജാഫർ മാലിക്, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷരായ പി.ആർ. റെനീഷ്, ഷീബാലാൽ, കോർപറേഷൻ സെക്രട്ടറി വി. ചെൽസാസിനി, സ്റ്റെർലിങ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ശിവദാസ് ബി. മേനോൻ, ഐസിഐസിഐ ബാങ്ക് കേരള മേധാവി ശ്രീധരൻ രംഗനാഥൻ, നിയോജെൻ ഫുഡ് ആൻഡ് അനിമൽ സെക്യൂരിറ്റി ഡയറക്ടർ വി.എം. ഉണ്ണിക്കൃഷ്ണൻ, ജിസിഡിഎ സെക്രട്ടറി ടി.എൻ. രാജേഷ്, കൗൺസിലർ കെ.പി. ലതിക തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com