ADVERTISEMENT

വൈപ്പിൻ∙ വൈറസ് രോഗബാധയ്ക്ക് പിന്നാലെ വിവിധ ചെമ്മീനുകളുടെ വില ഇടിയുക കൂടി ചെയ്തതോടെ കർഷകർ ആശങ്കയിൽ. രോഗബാധ കൂടുതൽ ചെമ്മീൻ കെട്ടുകളിലേക്ക് വ്യാപിച്ചതോടു കൂടി ചെമ്മീൻ ലഭ്യതയിലും കാര്യമായ കുറവും ഉണ്ടായിട്ടുണ്ട്. പുറത്തു നിന്നുള്ള കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കെട്ടുകളിലാണ് ആദ്യഘട്ടത്തിൽ രോഗബാധ കണ്ടതെന്ന് കർഷകർ പറയുന്നു. പിന്നീട് ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.

ചൂടൻ, തെള്ളി ഇനങ്ങളിൽ പെട്ട ചെമ്മീനുകളിലും രോഗബാധ ദൃശ്യമാണ്. ഈ സീസണിന്റെ തുടക്കം മുതൽ തീരെ വലുപ്പം കുറഞ്ഞ തെള്ളിച്ചെമ്മീനാണ് കർഷകർക്ക് പ്രധാനമായും ലഭിച്ചുകൊണ്ടിരുന്നത്. തുടക്കത്തിൽ സാധാരണ കിട്ടേണ്ട വലുപ്പമുള്ള ചൂടൻ ചെമ്മീൻ തീരെ കാണാനില്ലാത്ത സ്ഥിതിയായിരുന്നു. തലയും തോടും നീക്കം ചെയ്തതിനു ശേഷമുള്ള മീറ്റിന് വില കുറവാണെതിന്റെ പേരിൽ തീരെ കുറഞ്ഞ വിലയ്ക്കാണ് കമ്പനികൾ തെള്ളിച്ചെമ്മീൻ എടുക്കുന്നതെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞവർഷം ഒരു കിലോഗ്രാം തെള്ളിച്ചെമ്മീൻ മീറ്റിന് കിലോഗ്രാമിന് 390 രൂപ വരെയായിരുന്നു വിലയെങ്കിൽ ഇക്കുറി അത് 270 രൂപ മാത്രമാണ്. ഇതുമൂലം കർഷകർക്ക് തെള്ളിച്ചെമ്മീന് കിലോഗ്രാമിന് 70 രൂപയിൽ കൂടുതൽ നൽകാനാവില്ല എന്നാണ് കമ്പനികളുടെ നിലപാട്. വലുപ്പക്കുറവിന്റെ പേരിൽ വില ഒന്നുകൂടി കുറയുന്ന സ്ഥിതിയുണ്ട്. ഇപ്പോൾ പലരും കിലോഗ്രാമിന് 50 രൂപ നിരക്കിലാണ് തെള്ളിച്ചെമ്മീൻ വിറ്റ് ഒഴിവാക്കുന്നത്. മറ്റിനങ്ങളിൽ പെട്ട ചെമ്മീനുകളും കാര്യമായി ലഭിക്കുന്നില്ല. അവയ്ക്കും വില പൊതുവേ കുറവാണെന്ന് കർഷകർ പറയുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് താഴേക്ക് പോയ കാരച്ചെമ്മീൻ വില പിന്നീട് ഇതുവരെ പൂർവസ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ചൂടൻ ചെമ്മീനും വില കുറവാണ്.

ചെമ്മീൻ രോഗം മൂലം ഉണ്ടാകുന്ന നഷ്ടം നികത്താൻ മുൻവർഷങ്ങളിൽ പല കർഷകരും ഞണ്ടുകളെയാണ് ആശ്രയിച്ചിരുന്നെങ്കിൽ ഇക്കുറി രോഗബാധ ഭയന്ന് പലരും ഞണ്ടിൻ കുഞ്ഞുങ്ങളെ ചെമ്മീൻ കെട്ടുകളിൽ നിക്ഷേപിച്ചിട്ടില്ല. പ്രാദേശികമായി ഞണ്ടിൻ കുഞ്ഞുങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്നുള്ളതാണ് പ്രധാന പ്രശ്നം. ചിലർ പരീക്ഷണാടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിൽ നിന്നും മറ്റും ഞണ്ടിൻ കുഞ്ഞുങ്ങളെ കൊണ്ടുവന്നെങ്കിലും കെട്ടുകളിൽ നിക്ഷേപിച്ചതിനു ശേഷമുള്ള അതിജീവന നിരക്ക് വളരെ കുറവാണ് എന്നാണ് സൂചന.

ഇതര സംസ്ഥാനങ്ങളിൽ ഉപ്പിന്റെ വളരെ കൂടുതലുള്ള വെള്ളത്തിൽ വളരുന്ന ഞണ്ടുകൾക്ക് ഇടയ്ക്കിടെ മഴ പെയ്യുന്ന ഇവിടത്തെ സാഹചര്യം അനുകൂലമാവാത്തതാണത്രെ പ്രശ്നം. വർഷങ്ങളായി വേനൽക്കാല സീസണിൽ കാര്യമായി ചരക്ക് ലഭിക്കാത്ത കർഷകർക്ക് ആശ്വാസമാകുന്നത് വർഷക്കാലമാണ്. ഈ സാഹചര്യത്തിൽ കെട്ടുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം നേരത്തെ മുതൽ ശക്തമാണ്. അല്ലാത്ത പക്ഷം പൊക്കാളി കൃഷി നിലച്ചു പോയതു പോലെ ചെമ്മീൻ കൃഷിയും ഇല്ലാതായി പാടശേഖരങ്ങൾ ഒന്നിനും പറ്റാത്ത തരത്തിൽ ചതുപ്പുനിലങ്ങളായി മാറുമെന്നും കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com