ADVERTISEMENT

അങ്കമാലി ∙ അപകടത്തിൽപ്പെട്ട് പരുക്കേറ്റ് കഴിഞ്ഞ 20 വർഷമായി വീട്ടിൽ തന്നെ കഴിയുന്ന പീച്ചാനിക്കാട് പാലക്കോടത്ത് അനൂപ് വർഗീസിന് വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി അർബൻ ബാങ്കിന്റെ നോട്ടിസ്. എടുക്കാത്ത വായ്പയുടെ പേരിലാണ് നോട്ടിസ്. അനൂപിനെ കൂടാതെ ഭാര്യയ്ക്കും മാതാപിതാക്കൾക്കും പിതാവിന്റെ അനുജനും 25 ലക്ഷം രൂപ വീതം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചിട്ടുണ്ട്. എടുക്കാത്ത വായ്പയുടെ നിജസ്ഥിതിയെ സംബന്ധിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് അനൂപും കുടുംബവും ആലുവ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിൽ പരാതി നൽകി.

വായ്പ സംബന്ധിച്ച് ബാങ്കിൽ അന്വേഷിച്ചപ്പോൾ 5 വർഷം മുൻപാണ് ഇത്തരത്തിൽ വായ്പ എടുത്തിട്ടുള്ളതെന്നാണ് അറിഞ്ഞത്. ഓരോ വർഷവും വായ്പ കൃത്യമായി പുതുക്കുന്നുണ്ട്. ഇവരുടെ കുടുംബത്തിലേക്കു വന്ന 4 വായ്പകൾക്കായി റോയ് കുര്യൻ എന്നയാളുടെ വസ്തുവാണ് ജാമ്യം വച്ചിട്ടുള്ളത്. ഗ്യാരന്ററായി ഒരു ഡയറക്ടർ ബോർഡംഗം ഒപ്പിട്ടിട്ടുണ്ട്. അഞ്ചാമത്തെ വായ്പയിൽ ഈടുനൽകിയിരിക്കുന്നത് അങ്കമാലി സ്വദേശി ജോർജിന്റെ കടമുറിയാണ്.

ഈ വായ്പയ്ക്ക് ഗ്യാരന്ററായി മറ്റൊരു ഡയറക്ടർ ബോർഡംഗമാണ് ഒപ്പിട്ടിട്ടുള്ളത്. പ്രമാണങ്ങളിൽ കള്ള ഒപ്പുകളും വിരലടയാളങ്ങളുമാണ് പതിപ്പിച്ചിട്ടുള്ളതെന്ന് അനൂപ് പറഞ്ഞു. അനൂപ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ യഥാർഥ ഒപ്പുകളുമായി സാമ്യമില്ലാത്ത ഒപ്പുകളാണ് വായ്പയ്ക്കായി നൽകിയിട്ടുള്ള പ്രമാണങ്ങളിലുള്ളത്. ബാങ്കിൽ കുടുംബത്തിലെ എല്ലാവരുടെ പേരിലും അംഗത്വവും അക്കൗണ്ടുകളും 500 ഓഹരികളും എടുത്തിട്ടുണ്ടെന്നും അത് കുടുംബത്തിലെ ആരുടെയും അറിവോടെയല്ലെന്നും അനൂപ് പറഞ്ഞു. 

അനൂപിന് 20 വർഷം മുൻപ് ചാക്കരപ്പറമ്പിൽ വച്ചാണു ബൈക്കപകടം ഉണ്ടായത്. അന്നുമുതൽ വീട്ടിൽ തന്നെയാണ് കഴിയുന്നത്. ബാങ്കിലേക്ക് എത്തണമെങ്കിൽ ആരെങ്കിലും എടുത്തുകൊണ്ടുപോകണം.നഗരസഭയുടെ 30,1 വാർഡുകളിലുള്ള ഒട്ടേറെപ്പേർക്കാണ് എടുക്കാത്ത വായ്പകളുടെ പേരിൽ നോട്ടിസ് കിട്ടിയിട്ടുള്ളത്. ലക്ഷങ്ങൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് ലഭിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com