ADVERTISEMENT

കൊച്ചി ∙ ചിലവന്നൂർ കായലോരത്തു നടപ്പാക്കാൻ ആലോചിച്ചിരുന്ന സരോവരം പദ്ധതി കോർപറേഷൻ പുനരുജ്ജീവിപ്പിക്കുന്നു. തീരദേശ പരിപാലന നിയമം (സിആർസെഡ്) ലംഘിച്ചുവെന്നാരോപിച്ചു മുടങ്ങിയ പദ്ധതിയാണ് സിആർസെഡ് ചട്ടങ്ങൾ ബാധിക്കാത്ത രീതിയിൽ നടപ്പാക്കാൻ കോർപറേഷൻ ആലോചിക്കുന്നത്.

സഹോദരൻ അയ്യപ്പൻ റോഡിൽ എളംകുളം മെട്രോ സ്റ്റേഷൻ മുതൽ സുഭാഷ് ചന്ദ്രബോസ് റോഡ് വരെ ചിലവന്നൂർ കായലോരത്തു കൂടിയുള്ള നടപ്പാതയും അനുബന്ധ സൗകര്യങ്ങളുമാണു സരോവരം പദ്ധതിയിലൂടെ നടപ്പാക്കാൻ ആലോചിച്ചിരുന്നത്. കൊൽക്കത്തയിലെ രബീന്ദ്ര സരോവരം മാതൃകയിലാണു പദ്ധതി വിഭാവനം ചെയ്തത്.

സി.എം. ദിനേശ്മണി മേയറായിരുന്നപ്പോൾ പദ്ധതിയെ കുറിച്ചുള്ള ആദ്യ ആലോചനകൾ നടന്നു. പിന്നീട് സൗമിനി ജെയിൻ മേയറായിരുന്ന സമയത്തു പദ്ധതിയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചെങ്കിലും കായലിലൂടെയാണു നിർമാണമെന്ന് ആരോപിച്ചു സിആർസെഡ് ചട്ടലംഘനത്തിൽ കുടുങ്ങിയതോടെ പദ്ധതി നിലച്ചു.

സിആർസെഡ് ചട്ടം ബാധിക്കാത്ത തരത്തിൽ കായലോരത്തു കൂടി പദ്ധതി നടപ്പാക്കുന്നതാണു പരിഗണിക്കുന്നതെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. കായലോരത്തു 10 മീറ്റർ വീതിയിലുള്ള ഭാഗമാണു പ്രയോജനപ്പെടുത്തുക. കാര്യമായ നിർമാണങ്ങൾ ഉണ്ടാകില്ല. നടപ്പാത, സൈക്കിൾ ട്രാക്ക്, ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യം തുടങ്ങിയവയാണുണ്ടാകുക. 

പദ്ധതി നടപ്പാക്കുന്നതിനു ഫണ്ട് ലഭ്യമാക്കുന്നതു സംബന്ധിച്ച് ടൂറിസം മന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. കനാൽ നവീകരണ പദ്ധതി പ്രകാരവും കായലോരം മനോഹരമാക്കുന്നതിനു ഫണ്ട് ലഭ്യമാകും. പദ്ധതിയുടെ വിശദ പദ്ധതി രൂപരേഖയും (ഡിപിആർ) എസ്റ്റിമേറ്റും തയാറാക്കാനായി ഐഡിയ ഡിസൈൻ പ്രിൻസിപ്പൽ ആർക്കിടെക്ട് ബിലെ മേനോനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പ്രദേശത്തെ ഭൂവുടമകളുമായി മേയറുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തി. നിലവിൽ ഈ ഭൂമി മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പദ്ധതിക്കു വേണ്ടി സ്ഥലം സൗജന്യമായി ലഭ്യമാക്കണം. ഭൂരിഭാഗം പേരും അനുകൂല നിലപാടാണു പ്രകടിപ്പിച്ചിട്ടുള്ളതെന്നു മേയർ പറഞ്ഞു.

എം. അനിൽകുമാർ, മേയർ.

‘‘നമ്മുടെ പരമ്പരാഗതമായ സസ്യങ്ങളും പൂക്കളുമെല്ലാം പുതുതലമുറയെ പരിചയപ്പെടുത്താനും പ്രകൃതിയെ ആസ്വദിക്കാനും കഴിയുന്ന രീതിയിലാണു സരോവരം പദ്ധതി നടപ്പാക്കുക. കായലോരത്തു കൂടെയാണെന്നതിനാലും നിർമാണ പ്രവർത്തനങ്ങൾ ആവശ്യമില്ലാത്തതിനാലും സിആർസെഡ് ചട്ടത്തിനുള്ളിൽ നിന്നു പദ്ധതി നടപ്പാക്കാനാകും’’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com