ADVERTISEMENT

ഫോർട്ട്കൊച്ചി∙ 2 മാസം മുൻപ് മത്സ്യബന്ധന ബോട്ട് ഇടിച്ച് ഭാഗികമായി തകർന്ന ഫോർട്ട്കൊച്ചിയിലെ ടൂറിസം ബോട്ട് ജെട്ടിയിൽ നിയന്ത്രണം വിട്ട റോ– റോ ജങ്കാർ വന്നിടിച്ച് പാലത്തിന് ഭാഗികമായി തകരാർ സംഭവിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ വൈപ്പിനിൽ നിന്ന് പുറപ്പെട്ട റോ–റോ ഫോർട്ട്കൊച്ചി ജെട്ടിയിൽ അടുക്കുന്നതിന് മുൻപായിരുന്നു അപകടം. 

അവധിദിനമായതിനാൽ റോ–റോയിൽ നിറയെ വാഹനങ്ങളും യാത്രക്കാരുമുണ്ടായിരുന്നു. റോ–റോ ആടിയുലഞ്ഞതോടെ അതിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങൾ പലതും മറിഞ്ഞു വീണു. ഇടിയുടെ ആഘാതത്തിൽ ബോട്ട് ജെട്ടി കുലുങ്ങിയതായി റോ–റോയിൽ ഉണ്ടായിരുന്ന നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. 

ജെട്ടിയുടെ സമീപം കിടന്നിരുന്ന ടൂറിസ്റ്റ് ബോട്ടിൽ ഇടിക്കാതെ രക്ഷപെട്ടു.

ജെട്ടിയുടെ നവീകരണ ജോലികൾ നടന്നു വരികയാണ്. ടൂറിസ്റ്റുകളുടെ ആവശ്യം പരിഗണിച്ച് ദിവസങ്ങൾക്കു മുൻപ് ജെട്ടി തുറന്നു കൊടുത്തിരുന്നു. ഫോർട്ട്കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ടൂറിസം ബോട്ട് ജെട്ടി. 

അപകടം സംബന്ധിച്ച് മേയർക്ക് പരാതി നൽകുമെന്ന് നോഡൽ ഓഫിസർ ബോണി തോമസ് അറിയിച്ചു. അശ്രദ്ധ കാരണം ഉണ്ടായ അപകടമാണ് ഇതെന്നും നഗരസഭ നിർമിച്ചു കൈമാറിയ റോ–റോ കെഎസ്ഐഎൻസി അലക്ഷ്യമായാണ് സർവീസിന് ഉപയോഗിക്കുന്നതെന്നും ആന്റണി കുരീത്തറ പറഞ്ഞു. കെഎസ്ഐഎൻസിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com