ADVERTISEMENT

വൈപ്പിൻ∙ ദ്വീപിലേക്ക് പുതിയ അതിഥികളായി ഉടുമ്പുകളും. എടവനക്കാട് ചാത്തങ്ങാട് ഭാഗത്തെ ചെമ്മീൻ കെട്ടിലാണ് കഴിഞ്ഞദിവസം ഉടുമ്പിനെ കണ്ടെത്തിയത്. മാസങ്ങൾക്കു മുൻപ് എടവനക്കാട് മുരിപ്പാടം മേഖലയിലും ഉടുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട വൈപ്പിനിൽ പുറമേ നിന്നുള്ള ഇത്തരം ജീവികൾ എത്തുന്നത് നേരത്തെ അപൂർവമായിരുന്നു. വർഷങ്ങൾക്കു മുൻപ് അണലി പാമ്പുകളാണ് ഈ പതിവ് തെറ്റിച്ചു വൈപ്പിനിൽ പ്രത്യക്ഷപ്പെട്ടത്. നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച കൽപ്പൊടിക്കൊപ്പം ആയിരുന്നു ഇവയുടെ വരവ്.

വൈകാതെ പെറ്റു പെരുകി നാടാകെ വ്യാപിച്ചു. ഇതോടെ പാമ്പ് കടിച്ചുള്ള മരണങ്ങൾ വൈപ്പിനിൽ പതിവായി. ബോധവൽക്കരണത്തെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിച്ചു തുടങ്ങിയതോടെ ഇത്തരം സംഭവങ്ങളുടെ എണ്ണം ഇപ്പോൾ കുറവാണെന്നു മാത്രം. പാമ്പുകൾ വ്യാപകമായതിന് പിന്നാലെ കീരികളും വൈപ്പിനിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇപ്പോൾ വീട്ടുമുറ്റത്തേക്കു വരെ ഭക്ഷണം തേടി കീരിക്കൂട്ടങ്ങൾ എത്തുന്നു. ഇതോടെ പാമ്പ് ശല്യത്തിന് അൽപം കുറവുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

മലമ്പാമ്പുകളുടെ സാന്നിധ്യവും വൈപ്പിനിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അയ്യമ്പിള്ളി മേഖലയിൽ ഒഴിഞ്ഞു കിടന്ന പറമ്പ് വൃത്തിയാക്കിയപ്പോൾ ഇത്തരത്തിൽ വലുപ്പമേറിയ മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു. പുതുവൈപ്പ് മേഖലയിലും ഇവ വ്യാപകമായി ഉള്ളതായി നാട്ടുകാർ പറയുന്നു. എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിൽ കുറുക്കന്മാരുടെ ശല്യവും ഇപ്പോൾ രൂക്ഷമാണ്. ഒരു മാസം മുൻപ് കൂട്ടമായെത്തിയ കുറുക്കന്മാർ എടവനക്കാട് അണിയിൽ ഭാഗത്ത് കൂടു തകർത്ത് കോഴികളെ ഭക്ഷണമാക്കിയിരുന്നു.

ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളും പാടശേഖരങ്ങളിലെ പൊന്തക്കാടുകളും ആണ് ഇവയുടെ താവളങ്ങൾ. നീർനായ, മരപ്പട്ടി തുടങ്ങിയവരുടെ സാന്നിധ്യവും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാടുപിടിച്ച പറമ്പുകൾ വർധിച്ചത് ഇവയ്ക്ക് താവളം ആക്കാനും പെറ്റു പെരുകാനും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. മുള്ളൻ പന്നി, ഈനാംപേച്ചി എന്നിവയും ഇതിനു മുൻപ് വൈപ്പിനിൽ പിടിയിലായിട്ടുണ്ട്. കുരങ്ങ്, മയിൽ തുടങ്ങിയവയും ഇടയ്ക്കിടെ എത്തുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നവയാണ് ഉടുമ്പുകൾ. ആക്രമണ സ്വഭാവം ഇല്ലെങ്കിലും പലപ്പോഴും മുതലയായി തെറ്റിദ്ധരിക്കപ്പെടുന്നത് ഇവ ജനങ്ങളിൽ ഭീതി പരത്താൻ ഇടയാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com