ADVERTISEMENT

കളമശേരി ∙ ഏലൂർ, എടയാർ വ്യവസായ മേഖലയിൽ നിന്നുള്ള വിഷപ്പുകയും ദുർഗന്ധവും മൂലം നാട്ടുകാരുടെ ദുരിതം വർധിച്ചു. ഏലൂരിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ചു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻഐഐഎസ്ടി) പഠന റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) പുറത്തുവിടുന്നില്ല.

പുലർകാലത്തെ വിഷപ്പുകയും ദിവസം മുഴുവൻ അനുഭവിക്കുന്ന ദുർഗന്ധവും ഈ പ്രദേശങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും ഓഗസ്റ്റിലും നാട്ടുകാർ ഈ ദുരിതങ്ങൾക്കു പരിഹാരം തേടി പിസിബിയു‌ടെ ഏലൂരിലെ സർവീലൻസ് സെന്ററിൽ പ്രതിഷേധിച്ചിരുന്നു. 

കരിപ്പൊടി വീണു വസ്ത്രങ്ങളും വീടും മോശമാകുന്നു. മൂക്കു തുളച്ചു കയറുന്ന ദുർഗന്ധം ഭക്ഷണം കഴിക്കുന്നതിനു പോലും തടസ്സമുണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പകൽ സമയം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. രാത്രിയിൽ വീടിനകത്തു ദുർഗന്ധം കുറയ്ക്കാൻ ഭിത്തികളിലെ വിള്ളലുകളിൽ കടലാസും മറ്റും തിരുകി അടക്കേണ്ടിവരുന്നു. പിസിബി ഉദ്യോഗസ്ഥരും ഈ ദുരിതം അനുഭവിച്ചാണു സർവീലൻസ് സെന്ററിൽ ജോലി ചെയ്യുന്നത്. 

ഏലൂരിലെ പല വാർഡുകളിലും ജനങ്ങൾക്കു ശുദ്ധവായു അന്യമാണ്.ജനങ്ങളുടെ പരാതി വർധിച്ചപ്പോൾ ദുർഗന്ധം പുറത്തുവിടുന്ന 20 കമ്പനികളിൽ 3 വർഷം മുൻപ് ബയോ ഫിൽറ്റർ സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു. പിന്നെയും പരാതി വർധിച്ചപ്പോഴാണു പ്രശ്നം പഠിച്ചു റിപ്പോർട്ട് നൽകാൻ എൻഐഐഎസ്ടിയെ ചുമതലപ്പെടുത്തിയത്. 20 കമ്പനികൾ പഠനവിധേയമാക്കാനായിരുന്നു നിർദേശം. 6 കമ്പനികൾ പരിശോധിച്ചു എൻഐഐഎസ്ടി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. എല്ലാ പരിധികളും ലംഘിക്കുന്ന വിധത്തിലാണു ദുർഗന്ധത്തിന്റെയും അസ്ഥിര ജൈവ സംയുക്തങ്ങളുടെയും സാന്നിധ്യമെന്നായിരുന്നു ഇടക്കാല റിപ്പോർട്ട്. 

ഈ റിപ്പോർട്ട് പുറത്തുപോയതിൽ പിസിബിയിലെ ഉദ്യോഗസ്ഥർ അസ്വസ്ഥരായിരുന്നു. എൻഐഐഎസ്ടി സമർപ്പിച്ച സമ്പൂർണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിടാൻ പിസിബി മടിക്കുന്നത്. സർവീലൻസ് സെന്ററിൽ പോലും റിപ്പോർട്ടിന്റെ പകർപ്പ് നൽകിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും റിപ്പോർട്ട് നൽകുന്നില്ല.

റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ ചെയർമാന്റെ ഓഫിസിലേക്ക് അയച്ചിരിക്കുകയാെണന്നാണു ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മറുപടി. റിപ്പോർട്ടിന്മേലുള്ള നടപടികളും പിസിബി ആരംഭിച്ചിട്ടില്ല. ദിനം പ്രതി ജനങ്ങളുടെ ദുരിതം വർധിക്കുകയാണ്.ഡിസംബർ 8ന് കളമശേരിയിൽ നടന്ന നവകേരള സദസ്സിൽ ഏലൂരിലെ 10 വാർഡുകളിലെ ജനങ്ങൾ തങ്ങളുടെ ദുരിതങ്ങൾ വിശദീകരിച്ചു മുഖ്യമന്ത്രിക്കു പരാതികൾ സമർപ്പിച്ചിരുന്നു. ഏലൂരിലെ പുഴയും കാറ്റും മാലിന്യവാഹിനിയായി തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com