ADVERTISEMENT

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിൽ ഒരു വിദ്യാർഥിക്കു കുത്തേറ്റതും വിദ്യാർഥികൾക്കും ഒരധ്യാപകനും നേർക്കുണ്ടായ അക്രമത്തെയും ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നു മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ഭാവിയിൽ കോളജിൽ ഇത്തരം സംഘർഷ സാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളജ് അധികൃതർക്കു മന്ത്രി നിർദേശം നൽകി. തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർഥി സർവകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളജ് തുറക്കും. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രതിഷേധിച്ച് എസ്എഫ്ഐ
മഹാരാജാസ് കോളജിൽ കെഎസ്‌യു- ഫ്രറ്റേണിറ്റി സഖ്യം നിരന്തരമായ ആക്രമണങ്ങൾക്കു നേതൃത്വം നൽകുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ക്യാംപസിലെ അക്കാദമിക് അന്തരീക്ഷം തകർക്കാനും ക്യാംപസിനെ കലാപഭൂമിയാക്കാനും കെഎസ്‌യു, ഫ്രറ്റേണിറ്റി സംഘടനകൾ നടത്തുന്ന കഠാര രാഷ്ട്രീയത്തെ വിദ്യാർഥികൾ ഒരുമിച്ചു എതിർക്കണമെന്നും ആക്രമകാരികൾക്കും വർഗീയവാദികൾക്കും എതിരെ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ.ബാബു, സെക്രട്ടറി അർജുൻ ബാബു എന്നിവർ ആവശ്യപ്പെട്ടു. ഇന്നലെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. എറണാകുളം ലോ കോളജ്‌ വിദ്യാർഥികളും പ്രകടനമായി മഹാരാജാസിലെത്തി. തുടർന്നു മേനക ജംക്‌ഷനിലേക്കു പ്രകടനം നടത്തി.

എസ്എഫ്ഐ നീക്കം പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി
വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നാം വർഷ പ്രതിനിധിയുടെ സീറ്റ് പരാജയത്തെ തുടർന്ന് എസ്എഫ്ഐയും മൂന്നാം വർഷ വിദ്യാർഥികളും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ ആക്രമണ സംഭവങ്ങൾ നടന്നിരുന്നുവെന്നും ഈ സംഘർഷങ്ങളിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള എസ്എഫ്ഐ നീക്കം പ്രതിഷേധാർഹമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസം കോളജ് അധ്യാപകനെ ഫ്രറ്റേണിറ്റി അംഗം മർദിച്ചുവെന്നതു വ്യാജമെന്നു തെളിഞ്ഞതോടെയാണ് മറ്റൊരു ആരോപണവുമായി എസ്എഫ്ഐ രംഗത്തുവന്നതാണെന്നും പറഞ്ഞു. ആക്രമണങ്ങൾ അവസാനിപ്പിച്ച് ക്യാംപസിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും തയാറാവണമെന്നു ജില്ലാ പ്രസിഡന്റ് അബ്ദുൽ ബാസിത് ആവശ്യപ്പെട്ടു.

പ്രശ്നം രൂക്ഷമാക്കിയത് അധികൃതരുടെ നിസ്സംഗത: വെൽഫെയർ പാർട്ടി
മഹാരാജാസ് കോളജിൽ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നിസ്സംഗതയാണു പ്രശ്നങ്ങൾ രൂക്ഷമാക്കാൻ ഇടയാക്കിയതെന്നു വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. ഭരണപക്ഷ സ്വാധീനം ഉപയോഗപ്പെടുത്തി എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ അമർച്ച ചെയ്യാൻ പൊലീസിനാവുന്നില്ല. ഇതു ഗുരുതരമാണ്. തുടർച്ചയായ എസ്എഫ്ഐ ആക്രമണങ്ങൾ ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള സംഘടനകൾക്കും വിദ്യാർഥികൾക്കും എതിരെ നടത്തുമ്പോഴും പൊലീസ് കാര്യക്ഷമമായി ഇടപെടാത്തതു ഭരണകൂടത്തിന്റെ സ്വാധീനത്തിൽ വഴങ്ങിയാണ്. ഇത്തരത്തിൽ ക്യാംപസുകൾ അക്രമ ഇടങ്ങളാക്കുകയാണെങ്കിൽ ഭാവിയിൽ മികച്ച പൗരന്മാരെ സൃഷ്ടിക്കുന്നതിനു പകരം ക്രിമിനലുകളെ പടച്ചു വിടുന്ന കേന്ദ്രമായി മഹാരാജാസ് മാറുമെന്നും എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദഖത്ത് അധ്യക്ഷത വഹിച്ചു.

എസ്എഫ്ഐയെ സംരക്ഷിക്കുന്നത‌് സർക്കാർ: മുഹമ്മദ് ഷിയാസ്
കൊച്ചി ∙ മഹാരാജാസ് കോളജിൽ സമാധാന അന്തരീക്ഷം ഇല്ലാതാക്കി അതിക്രമങ്ങൾക്കു നേതൃത്വം നൽകുന്ന എസ്എഫ്ഐയെ സംരക്ഷിക്കുന്നതു സർക്കാരാണെന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അതിക്രമങ്ങൾ. ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് എവിടെ നിന്നാണു മാരകായുധങ്ങൾ ലഭിക്കുന്നതെന്ന് അന്വേഷിക്കണം. അക്രമങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ പൊലീസ് പുലർത്തുന്ന മൗനം ഗൗരവത്തോടെ കാണണം. ബോധപൂർവം സംഘർഷങ്ങൾ സൃഷ്ടിക്കുന്നവരെ പൊലീസ് സംരക്ഷിക്കുന്നു. മർദനങ്ങൾക്ക് ഇരയാകേണ്ടി വരുന്ന കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ പൊലീസ് യാതൊരു നടപടിയും എടുക്കുന്നില്ല. ഈ സ്ഥിതി തുടർന്നാൽ കെഎസ്‌യു പ്രവർത്തകരുടെ സംരക്ഷണം കോൺഗ്രസിന് ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com