ADVERTISEMENT

കൊച്ചി ∙ കൊച്ചി മഹാരാജാസ് കോളജിലെ സംഘർഷത്തിൽ വിദ്യാർഥിക്കു വെട്ടേറ്റു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോളജും കോളജ് ഹോസ്റ്റലുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നു സ്‌പെഷൽ ഗ്രേഡ് പ്രിൻസിപ്പൽ അറിയിച്ചു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനു ശേഷമായിരുന്നു തീരുമാനം. ക്യാംപസിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയുണ്ടായ സംഘർഷത്തിനിടെ മഹാരാജാസ് കോളജ് എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയുമായ കാസർകോട്‌ മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൽ നാസറിനാണു (21) വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

അബ്ദുൽ നാസറിന്റെ പരാതിയിൽ, കണ്ടാൽ തിരിച്ചറിയാവുന്നതുൾപ്പെടെ 15 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു കേസ്. നിയമവിരുദ്ധ കൂട്ടംകൂടൽ, കലാപശ്രമം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച്‌ പരുക്കേൽപിക്കൽ ‌തുടങ്ങിയ വകുപ്പുകളും ചുമത്തി. പൊലീസ് അബ്ദുൽ നാസറിന്റെ മൊഴിയെടുത്തു. ഇതിനിടെ, തങ്ങളുടെ പ്രവർത്തകൻ ബിലാലിനെ എസ്എഫ്ഐ പ്രവർത്തകർ ആംബുലൻസിലും ജനറൽ ആശുപത്രിയിലും മർദിച്ചതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു. ആശുപത്രിയിലെ കാഷ്വൽറ്റി മുറിയിലും സംഘർഷമുണ്ടായി . ഈ സംഭവത്തിൽ എസ്എഫ്ഐ ഭാരവാഹികൾ ഉൾപ്പെടെ 30ൽ ഏറെപ്പേർക്കെതിരെ പൊലീസ് കേസെടുത്തു.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ്. ആശുപത്രി സൂപ്രണ്ടും പരാതി നൽകിയിട്ടുണ്ട്.

എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്തു നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടനച്ചുമതലയുടെ ഭാഗമായി അബ്ദുൽ നാസറും സംഘവും ക്യാംപസിലുണ്ടായിരുന്നു. ഇതിനിടെ ഫ്രറ്റേണിറ്റി നേതാവായ ബിലാൽ, കെഎസ്‌യു നേതാവ് അമൽ ടോമി എന്നിവരുടെ നേതൃത്വത്തിൽ ക്യാംപസിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ മൊഴി. ഇവരാണ് അബ്ദുൽ നാസറിനെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിച്ചതെന്നും എസ്എഫ്ഐ ആരോപിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി സൂചനയുണ്ട്. കോളജിലെ സെന്റർ സർക്കിളിലും കെമിസ്ട്രി ലാബിനു സമീപത്തുമായിരുന്നു സംഭവം. അബ്ദുൽ നാസറിനെ കത്തിയുപയോഗിച്ചു വെട്ടിപ്പരുക്കേൽപിച്ചെന്നും ഇരുമ്പുവടി കൊണ്ടും പട്ടിക കൊണ്ടും അടിച്ചെന്നും കൈകൊണ്ടു തടുക്കാൻ ശ്രമിച്ചപ്പോൾ വിരലിൽ ഗുരുതര മുറിവേറ്റെന്നും ചൂണ്ടിക്കാട്ടി. അബ്ദുൽ നാസറിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീടു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഏരിയ കമ്മിറ്റിയംഗം, ബിഎ രണ്ടാം വർഷ വിദ്യാർഥി ഇ.വി.അശ്വതിക്കും പരുക്കേറ്റതായി എസ്എഫ്ഐ അറിയിച്ചു.

ഭിന്നശേഷിക്കാരനായ അധ്യാപകനെ ക്യാംപസിൽ ബുധനാഴ്ച വിദ്യാർഥി കയ്യേറ്റം ‌ചെയ്തെന്നും മൂർച്ചയുള്ള വസ്തു കൊണ്ടു പിന്നിൽ നിന്ന് ഇടിച്ചെന്നും പരാതിയുണ്ടായിരുന്നു. കോളജിലെ അസി. പ്രഫസറും കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറുമായ ഡോ. കെ.എം.നിസാമുദ്ദീനാണു മർദനമേറ്റത്. അധ്യാപകന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവത്തിൽ എസ്എഫ്ഐ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായാണു കഴിഞ്ഞ ദിവസത്തെയും സംഭവം. കഴിഞ്ഞ ഒരാഴ്ചത്തെ വിദ്യാർഥി സംഘർഷങ്ങളിൽ മാത്രം 10 കേസുകളാണു വിദ്യാർഥികൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com