ഒരു ചക്കയ്ക്കു 450 രൂപ വരെ വില; 25 ൽ നിന്ന് 45 രൂപയിലേക്ക് കുതിച്ചുയർന്ന് ഏത്തക്കായ വിലയും

Mail This Article
കോലഞ്ചേരി ∙ ഏത്തക്കായ വില കുതിച്ചുയർന്നു. കർഷക വിപണികളിൽ ഇന്നലെ കിലോഗ്രാമിന് 45 രൂപ വരെ വില ലഭിച്ചു. രണ്ടാഴ്ച മുൻപ് 25 രൂപയിൽ താഴെ വിറ്റിരുന്ന ഏത്തക്കായയുടെ വില ഉയർന്നതിൽ കർഷകർ ആഹ്ലാദത്തിലാണ്. ജില്ലയിലെ പ്രധാന കർഷക വിപണികളായ മഴുവന്നൂരും തിരുവാണിയൂരും 45 രൂപയ്ക്കാണ് നേന്ത്രക്കായ വിറ്റത്.
വേനൽ കടുത്തതോടെ ഉൽപാദനം കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞതുമാണ് കായ വില ഉയർത്തിയത്. നാടൻ കായയ്ക്ക് ആവശ്യക്കാരും കൂടി. എല്ലാ പച്ചക്കറി ഇനങ്ങൾക്കും മികച്ച വിലയാണ് ഇന്നലെ കർഷകർക്കു ലഭിച്ചത്.പൈനാപ്പിൾ കിലോഗ്രാമിന് 55 രൂപയായിരുന്നു ഇന്നലത്തെ വില. 2 ആഴ്ച മുൻപ് വരെ ഇതിന്റെ പകുതി വിലയ്ക്കാണ് വിറ്റിരുന്നത്.
ചക്കയ്ക്കും നല്ലകാലം
കോലഞ്ചേരി ∙ മഴുവന്നൂർ കർഷക സമിതിയിൽ ചക്കയാണ് താരം. ഒരു ചക്കയ്ക്കു 450 രൂപ വരെ വില ലഭിച്ചു. വരിക്ക ചക്കയ്ക്കാണു ഡിമാൻഡ്. കൂഴച്ചക്ക 350 രൂപയ്ക്കും വിറ്റു. 10 കിലോഗ്രാം തൂക്കമുള്ള ചക്കകളാണ് ഇവ. മൂക്കുന്നതിനു മുൻപ് പറിച്ചെടുക്കുന്ന ഇടിഞ്ചക്കയ്ക്കും 100രൂപയോട് അടുത്ത് വില കിട്ടി.ചക്ക വ്യാപകമാകുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതിനു ഡിമാൻഡ് കുറയുമെങ്കിലും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ചക്കക്കുരുവിനും നല്ല വിലയുണ്ട്.