ADVERTISEMENT

വൈപ്പിൻ∙ സൗന്ദര്യവൽക്കരണത്തിനായി ലക്ഷങ്ങൾ ചെലവിട്ടതിനു ശേഷവും ശേഷവും കോലം കെട്ട് പള്ളിപ്പുറം കോട്ട. ആകെ പായൽ പിടിച്ചും ചുവരുകളിലെ വിടവുകളിൽ ചെറു വൃക്ഷങ്ങൾ വളർന്നും വികൃതമായ അവസ്ഥയിലാണ് കോട്ട ഇപ്പോൾ. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ യൂറോപ്യൻ ചരിത്ര സ്‌മാരകമായ ഈ പോർച്ചുഗീസ് കോട്ട 1503ലാണ് നിർമിച്ചത്. ശർക്കരയും കുമ്മായവും കൂട്ടിച്ചേർത്തുണ്ടാക്കുന്ന സുർക്കി മിശ്രിതമാണ് കല്ലുകൾ കെട്ടിപ്പൊക്കാനും പുറംതേക്കാനും ഉപയോഗിച്ചിരിക്കുന്നതെന്ന് ചരിത്രം പറയുന്നു.

നിർമാണത്തിലെ മികവും മൂലം ഇത്രയും കാലം വെയിലിനേയും മഴയേയും അതിജീവിച്ചുവെങ്കിലും ഭിത്തികളും മറ്റും ദുർബലമായി തുടങ്ങിയ സാഹചര്യത്തിൽ പഴയതു പോലെ പ്രകൃതിയുടെ മാറ്റങ്ങളെ പ്രതിരോധിക്കാൻ കോട്ടയ്‌ക്ക് കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഏതാനും വർഷം മുൻപ് നവീകരണം നടത്തിയത്. അതിനായി 40 ലക്ഷത്തിലേറെ രൂപയാണ് ചെലവിട്ടത്. എന്നാൽ പിന്നീട് തുടർ പരിപാലന നടപടികളൊന്നും ഉണ്ടാകാതിരുന്നതോടെ കോട്ട പഴയ അവസ്ഥയിലായി.

സംസ്‌ഥാനപാതയിൽ നിന്ന് കോട്ടയിലേക്കുള്ള വഴി ടൈൽ വിരിച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും കോട്ട സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ അനിശ്‌ചിതമായി നീളുകയാണ്. കോട്ടയുടെ ഭിത്തികളിൽ , ബലക്ഷയമുണ്ടാക്കുന്ന രീതിയിൽ വളർന്നു നിന്നിരുന്ന ചെറു വൃക്ഷങ്ങളുടെ വേരുകൾ നീക്കം ചെയ്‌തിരുന്നുവെങ്കിലും മറ്റു സംരക്ഷണ നടപടികളൊന്നും സ്വീകരിക്കാത്തതിനാൽ ഇപ്പോൾ വീണ്ടും വളർന്ന് പന്തലിച്ചിട്ടുണ്ട്.

നിർമിക്കപ്പെട്ട കാലത്ത് കോട്ടയ്‌ക്ക് ഉണ്ടായിരുന്ന മേൽക്കൂര പിൽക്കാലത്ത് നശിച്ചുപോയ സാഹചര്യത്തിൽ പുതിയ മേൽക്കൂര ഒരുക്കുന്ന കാര്യവും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ പിന്നീട് നടപടി ഉണ്ടായില്ല. മേൽക്കൂര സ്ഥാപിച്ചിരുന്നുവെങ്കിൽ ഭിത്തികൾക്ക് സംരക്ഷണം ലഭിക്കുന്നതിനു പുറമേ കോട്ടയുടെ ഉൾഭാഗം മ്യൂസിയം പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനും കഴിയുമായിരുന്നു.

കോട്ടയുടെ കിഴക്കു ഭാഗത്തുള്ള പുഴയോരത്ത് ആധുനിക രീതിയിലുള്ള ജെട്ടി നിർമിച്ചിട്ടുണ്ടെങ്കിലും അതും കാടുപിടിച്ച് കിടക്കുകയാണ്. സന്ദർശകരും കാര്യമായി ഇവിടേക്ക് എത്തുന്നില്ല. കോട്ടയുടെ ഇപ്പോഴത്തെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുകളിലേക്ക് കത്തു നൽകി കാത്തിരിക്കുകയാണ് സംരക്ഷണത്തിന്റെ ചുമതലയുള്ളവർ. കോട്ടയുടെ മുൻവശത്ത് ഉണങ്ങി നിലം പതിക്കാറായ നിലയിലുള്ള മരം വെട്ടി നീക്കാൻ വനംവകുപ്പിന്റെ അനുമതിയും തേടിയിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കോട്ടയിൽ ഒരു സ്ഥിരം ജീവനക്കാരും രണ്ട് താൽക്കാലിക ജോലിക്കാരുമാണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com