ADVERTISEMENT

കളമശേരി ∙ 2018 മുതൽ തുടർച്ചയായി 5 വർഷം മഴക്കാലത്തു നഗരസഭാ പ്രദേശം വെള്ളക്കെട്ടിൽ നരകിച്ചിട്ടും മഴക്കാല പൂർവ ശുചീകരണത്തിനു മാസ്റ്റർപ്ലാൻ തയാറാക്കാൻ നഗരസഭ ശ്രമിച്ചില്ല. 2021–22ലെ ഓഡിറ്റ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും മാസ്റ്റർപ്ലാൻ തയാറാക്കാൻ നഗരസഭയുടെ എൻജിനീയറിങ് വിഭാഗം ഒരു ശ്രമവും നടത്തിയില്ല. 2021–22ൽ വലിയ തോടുകൾ ശുചിയാക്കുന്നതിന് 72.78 ലക്ഷം രൂപ ചെലവിട്ടിരുന്നു. കൂടാതെ ഇതേ വർഷം 11.08 ലക്ഷം രൂപ വേറെയും ചെലവിട്ടു. ഈ തുകയത്രയും തടസ്സപ്പെടുത്തിയ ഓഡിറ്റ് റിപ്പോർട്ട് രൂക്ഷമായ വിമർശനമാണ് നടത്തിയിട്ടുള്ളത്. എസ്റ്റിമേറ്റില്ല, കാനകളുടെയും തോടുകളുടെയും നീളവും വീതിയും ആഴവും അറിയില്ല. മണ്ണും ചെളിയും എത്രത്തോളം നീക്കം ചെയ്തുവെന്നതിനു രേഖകളില്ല തുടങ്ങിയ കാര്യങ്ങളാണ് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയത്. സർക്കാർ മാനദണ്ഡമനുസരിച്ചു 42 വാർഡുകളിലും കൂടി 12.60 ലക്ഷം രൂപയേ അനുവദിക്കാവൂ. എന്നാൽ 6 ഇരട്ടിയോളം തുകയാണു നഗരസഭ ചെലവിടുന്നത്.കഴിഞ്ഞ വർഷവും മഴക്കാല പൂർവ ശുചീകരണത്തിനു 60 ലക്ഷം രൂപ ചെലവിട്ടു.

 ഇതിനായി ഇ–ടെൻഡർ ചെയ്തതാകട്ടെ ശുചീകരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ മണിക്കൂർ വാടക നിശ്ചയിച്ചും.നഗരസഭയിൽ ഭൂരിപക്ഷവും താഴ്ന്ന പ്രദേശമാണ്. ഭൂമി തരംമാറ്റിയാണു പലയിടത്തും കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. സാധാരണ മഴയത്തു ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളക്കെട്ടിലാവുന്ന അവസ്ഥയാണ്. ഓരോ വർഷവും നഗരസഭ 50 മുതൽ 80 ലക്ഷം രൂപ വരെ ചെലവിട്ടാണു തോടുകളും കാനകളും വൃത്തിയാക്കുന്നത്. വൻതുക വേണ്ടിവരുന്ന ഈ ജോലികൾക്കായി മാസ്റ്റർ പ്ലാൻ തയാറാക്കുകയും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുകയും വേണം. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചല്ലാതെ പണം അനുവദിക്കില്ലെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കിക്കഴിഞ്ഞു. സർക്കാരിൽ നിന്നു അനുമതി കിട്ടാൻ കാലതാമസമുണ്ടാകുമെന്നിരിക്കെ കഴിഞ്ഞ വർഷത്തെ ശുചീകരണത്തിന്റെ തുടർച്ചയെന്നോണം ജോലികൾ മുന്നോട്ടു കൊണ്ടുപോകാനാണു നഗരസഭയുടെ ഇപ്പോഴത്തെ ശ്രമമെന്ന് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com